7/13/17നീയെനിക്കാരായിരുന്നു...

                                                       (അനിത പ്രേംകുമാര്‍)

നീയെനിക്കാരായിരുന്നു... സഖേ,
നീയെനിക്കാരായിരുന്നു?

പാതിരാ മുല്ലകള്‍
പാതി വിരിഞ്ഞപ്പോള്‍
ചുറ്റും പരന്നൊരാ തെന്നല്‍.... തന്നു,
ഹൃദ്യമാം മാദക ഗന്ധം.. ഏതോ
ഹൃദയം നിറയ്ക്കുന്ന രാഗം.

നീയെനിക്കാരായിരുന്നു, സഖേ
നീയെനിക്കാരായിരുന്നു?

കാമുകി രാധയായ്
കാതരയായി ഞാന്‍
കാട്ടിലലഞ്ഞു നടക്കേ,
ചാരെ ഞാന്‍ കേട്ടു നിന്‍ ഗാനം..
ചാരുതയേറുന്ന രാഗം....

നീയെനിക്കാരായിരുന്നു, സഖേ
നീയെനിക്കാരായിരുന്നു?

പാല്‍ മണം മാറാത്ത
പൈതലിന്‍ ചുണ്ടുപോല്‍
നിസ്വാര്‍ത്ഥ സ്നേഹമായ് നിന്നില്‍
നൈവേദ്യമായ് ഞാനുമുണ്ടേ, എന്നും
കണ്ണാനിന്‍, പുല്ലാങ്കുഴലായ്‌!

നീയെനിക്കാരായിരുന്നു, സഖേ
നീയെനിക്കാരായിരുന്നു?

******************************

6/14/17

അവന്‍ കള്ളനോ?
അവന്‍ കള്ളനോ?
-----------------------

(കവിത : അനിത പ്രേംകുമാര്‍ )

പാതിരാത്രിയില്‍
വാതിലില്‍ മുട്ടാതെ
ആരാരും കാണാതെ,
അകത്തു കയറി.

വീട് നിറയെ
ആളുകളെ കണ്ടവന്‍
ഒതുങ്ങിയൊരു മൂലയില്‍
ഒന്നും മിണ്ടാതെ
തരിച്ചു നിന്നു .

എന്തിന് വന്നെന്ന
ചോദ്യത്തില്‍,
കക്കാനായിരുന്നു
എന്ന് മറുപടി.

എങ്കില്‍ കട്ടോളൂ
എന്ന ഉത്തരത്തിനു
എനിക്കതിനു കഴിയില്ല
എന്ന് മറു വാക്ക് !

കക്കാനവന്
സ്വകാര്യത വേണം
ആരുമില്ലാത്തൊരു
വീട് വേണം
കൈയ്യിലായ്
ചെറിയൊരു
ടോര്‍ച്ചു വേണം
ടോര്‍ച്ചിന്റെ
വെട്ടത്തിന്‍
കാഴ്ച വേണം!

എന്നിട്ടും വിളിച്ചു
ഞാന്‍ പോലീസിനെ
കൈയാമം വച്ച്
പറഞ്ഞയച്ചു.

പിന്നെ തിരിഞ്ഞൊന്നു
നോക്കും നേരം
കണ്ടവന്‍ കണ്‍കളില്‍
നീര്‍ത്തുള്ളികള്‍!

എന്തിന് കരയുന്നു ?
കള്ളനല്ലേ നീ?
കക്കാനായ് വന്നെന്ന്
നീ പറഞ്ഞില്ലേ?

അത് കേട്ടു മെല്ലെ
തിരഞ്ഞവന്‍ കീശയില്‍
രത്നം തിളങ്ങുന്ന
മോതിരം കൈയ്യില്‍!
ഇത് ഞാന്‍ നിനക്ക്
തരാനായ്‌ വന്നു .

നീമാത്രം കാണുവാന്‍
നിന്‍ കൈയ്യിലണിയുവാന്‍
മറ്റാരും കാണാതെ
അണിയിക്കുവാനായും!

ആളുകള്‍ ചുറ്റും
നിരന്നത് കണ്ടപ്പോള്‍
നിന്‍ മാനം വലുതെന്നു
തോന്നിയെനിക്കും
സ്വയമൊരു കള്ളനായ്
മാറി ഞാനപ്പോള്‍
നീയോ വിളിച്ചത്
പോലീസിനെയും!

കള്ളനേയല്ല , ഞാന്‍
കാമുകനാണ് ഞാന്‍.
നീപോലുമറിയാതെ
നിന്നെ പ്രണയിച്ച
നിന്‍ കണ്ണിലീരേഴു
ലോകവും ദര്‍ശിച്ച
വെറുമൊരു പാവം
കാമുകനാണ് ഞാന്‍!
 
കാഴ്ചകള്‍ മങ്ങിയ
ലോകത്തിന്‍ മുന്നില്‍
കള്ളനെക്കാള്‍ താഴെ,
പാവം, കാമുകന്മാര്‍!

അതുകൊണ്ട് ചൊന്നു,
ഞാന്‍ കള്ളനെന്ന്!

***************************

5/15/17

പുസ്തക പ്രകാശനം


  "പ്രണയ മഷി"


ഒരു കുഞ്ഞു മിന്നാമിനുങ്ങിനെ പരിണയിക്കുക, അവന്റെ ഇത്തിരി വെട്ടത്തിൽ അവന്റെ ചിറകോടു ചേർന്ന് പറന്നു കളിക്കുക...
അത്ര മാത്രമേ കരിവണ്ട് ആഗ്രഹിച്ചുള്ളൂ.. പക്ഷേ ദൈവം അവൾക്കു കൊടുത്തത് ഒരു നക്ഷത്രത്തെ ആയിരുന്നു..
പക്ഷേ നക്ഷത്രത്തിനെങ്ങനെ ഭൂമിയിൽ ഇറങ്ങാൻ പറ്റും? കരിവണ്ടിന് ആകാശത്തോട്ടും പോകാൻ കഴിയില്ല...
അവസാനം അവർക്ക് എന്ത് സംഭവിച്ചു? വായിക്കുക....
"പ്രണയ മഷി"
മെയ് 21നു കണ്ണൂർ പബ്ലിക് ലൈബ്രറിയിൽ വച്ച് വൈകിട്ട് 3.30നു ആരംഭിക്കുന്ന ചടങ്ങിൽ വച്ച് പ്രശസ്ത എഴുത്തുകാരൻ ശ്രീ.എൻ. പ്രഭാകരൻ മറ്റു മഹനീയ വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രകാശനകർമ്മം നിർവ്വഹിക്കുന്നു..
നിങ്ങളും ഉണ്ടാവണം....  
അനിത പ്രേംകുമാർ4/17/17

ഇന്നലെകള്‍.. ഇന്നുകള്‍...


ഇന്നലെകള്‍.. ഇന്നുകള്‍... 

പുരയിടത്തിന്‍റെ മുന്‍വശത്ത് വലത്തേ കോണിലായി മൂന്നും കൂടിയ ഇടവഴിയുടെ മുക്കില്‍ അടിച്ചു വാരിക്കൂട്ടിയ കരിയിലകള്‍ക്ക് തീ പിടിപ്പിക്കുകയായിരുന്നു അച്ഛമ്മ.

മഞ്ഞു പെയ്തു നനഞ്ഞ കരിയിലകള്‍ പുകഞ്ഞു കൊണ്ടിരുന്നു, നേരാം വണ്ണം കത്താതെ.

"അച്ഛമ്മേ, ഇന്നലെയും പാമ്പ് വന്നോ?" എന്ന എന്‍റെ ചോദ്യത്തിന് കരിയിലകള്‍ പിന്നെയും പിന്നെയും അടിച്ചുവാരി തീയിലേക്കിട്ടുകൊണ്ടിരിക്കുകയല്ലാതെ അച്ഛമ്മ ഒന്നും പറഞ്ഞില്ല.

സന്ധ്യയാവുന്നതിനു മുന്നേ എല്ലാ ചിമ്മിനി വിളക്കിലും മണ്ണെണ്ണ ഒഴിച്ച് തിരി നീട്ടി വച്ച്, കുപ്പി വിളക്കിന്റെ കുപ്പിയുടെ ഉള്ളിലെ കരിതുടച്ചു വൃത്തിയാക്കി കത്തിക്കാന്‍ തയ്യാറാക്കി വയ്ക്കുക അച്ഛമ്മ സ്വയം ഏറ്റെടുത്ത ജോലിയാണ്.കൂടെ നിലവിളക്കും തുടച്ചു വൃത്തിയാക്കി തിരിയിട്ടു വെളിച്ചെണ്ണ ഒഴിച്ച് വയ്ക്കണം. ആദ്യം നിലവിളക്ക് കത്തിച്ചു രാമനാമം ജപിച്ചു കഴിഞ്ഞ ശേഷമാണ് ചിമ്മിനി വിളക്കുകള്‍ കത്തിക്കുക. ഇന്നലെ അതിനു അച്ഛമ്മയെ സഹായിക്കാന്‍ കൂടിയതായിരുന്നു ഞാന്‍.

ആ സമയത്ത്, അച്ഛന്‍ വലിയൊരു ചൂരലും പിടിച്ചു വീടിനു ചുറ്റും പാമ്പിനെ അന്വേഷിച്ചു നടക്കുന്നത് കണ്ടത് ഓര്‍മ്മ വന്നു.
ഒരു കുന്നിന്‍ ചെരിവിലുള്ള വലിയ വിശാലമായ കശുമാവിന്‍ തോട്ടത്തിന്‍റെ താഴെ ഭാഗത്ത്‌ ഒറ്റമുറിയും ഇരു വശത്തും ചായ്പ്പും ഉള്ള കുഞ്ഞു വീട്.

നടുവിലത്തെ ആ പ്രധാന മുറിയെ ഞങ്ങള്‍ പടിഞ്ഞിറ്റകം എന്നും ഇടതു ഭാഗത്തുള്ള ചായ്പ്പിനെ അച്ഛന്‍റകം എന്നും ( ചിലപ്പോള്‍ ഓഫീസ് റൂം എന്നും!)വലതു ഭാഗതുള്ളതിനെ അടുക്കള എന്നും വിളിച്ചു. ഇതിന്റെ മൂന്നിന്‍റെയും നടുക്കുള്ള ഒഴിഞ്ഞ ഭാഗം ഇറയവും.

ചെത്തി തേയ്ക്കാത്ത വീട്ടില്‍ ഒരുദിവസം രാത്രി കിടക്കാന്‍ നോക്കുമ്പോള്‍ പായ നിവര്‍ത്തുന്ന സമയത്ത് താഴെവീണ വസ്തു എന്താണെന്ന്അച്ഛമ്മ ചിമ്മിനി വിളക്കുയര്‍ത്തിനോക്കിയപ്പോള്‍ ആണ് അത് ഇഴഞ്ഞിഴഞ്ഞു പോകുന്നത് കണ്ടത്.

"അച്ഛാ, പാമ്പ് " എന്ന് പറഞ്ഞു ഒച്ചയെടുത്തതും അച്ഛന്‍ അതിനായി സൂക്ഷിച്ച വടിയും കൊണ്ട് ഓടി വന്നതും അതിനെ തല്ലിക്കൊന്നതും എല്ലാം പെട്ടെന്ന് തന്നെ കഴിഞ്ഞു.

മറ്റൊരു ദിവസം രാത്രി ആരോ ടോര്‍ച്ചടിക്കുന്നതറിഞ്ഞു അച്ഛമ്മ എഴുന്നേറ്റു തുടങ്ങിയതും അച്ഛന്‍ പറഞ്ഞു. " ഞാനാ അമ്മെ. ഇവിടെ എവിടെയോ അവന്‍ ഒളിച്ചിരിപ്പുണ്ട്. നിങ്ങള്‍ ഉറങ്ങിക്കോളൂ. ഞാന്‍ നോക്കാം.

പിറ്റേന്നും രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടത് തല ചതഞ്ഞ, മരിച്ചു കിടക്കുന്ന, ഒരു വലിയ പാമ്പിനേയാണ്. അത് മൂര്‍ഖന്‍ ആണ് എന്നും അടുക്കള ഭാഗത്തെ ചുമരിനും അതിന്‍റെ മുകളില്‍ ഉള്ള ഓടിനും ഇടയില്‍ ഒളിച്ചു കിടക്കുകയായിരുന്നു എന്നും പിറ്റേ ദിവസമാണ് അറിഞ്ഞത്.

ഇതിനൊക്കെ മുന്നേ, അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ ഇടയ്ക്ക് ഒരിക്കല്‍ അവര്‍ ന്യൂ ഇന്ത്യ ടാക്കീസില്‍ സെക്കണ്ട് ഷോ കണ്ടു മടങ്ങി വരുമ്പോള്‍ അമ്മയുടെ കാലില്‍ എന്തോ കടിച്ചു. വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത നാട്ടില്‍ എന്ത് കടിച്ചു എന്ന് ആ സമയത്ത് എങ്ങനെ അറിയാന്‍! അച്ഛന്‍ ഉടനെ അമ്മയുടെ കാലിലെ കടിയേറ്റ ഭാഗം സ്വന്തം വായിലാക്കി കഴിയുന്നത്ര രക്തം വലിചൂറ്റി തുപ്പിക്കൊണ്ടിരുന്നു വത്രേ.. കുറെ നേരം അങ്ങനെ ചെയ്ത ശേഷം വീട്ടില്‍ പോയി കിടന്നുറങ്ങി. രാവിലെ കാലിനൊരു കെട്ടു കണ്ടു അന്വേഷിച്ചപ്പോള്‍ ആണ് അച്ഛമ്മ പോലും വിവരം അറിഞ്ഞത്!

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കിടക്കപ്പായയില്‍ തലേ ദിവസം തന്‍റെ കൂടെ കിടന്നുറങ്ങിയ വളയര്‍പ്പാന്‍ പാമ്പിനെയാണ് ഇന്ന് അച്ഛന്‍ തല്ലിക്കൊന്ന രൂപത്തില്‍ മുറ്റത്ത്‌ കണ്ടത് എന്ന് അച്ഛമ്മ പറഞ്ഞപ്പോള്‍ ഒന്നും തോന്നിയില്ല. ഞങ്ങളെ ഒരിക്കലും പാമ്പ് കടിച്ചതേയില്ല. അഥവാ, കടിക്കാതിരിക്കാന്‍ ഒരു ആറാം ഇന്ദ്രിയവും വച്ച് അച്ഛന്‍ കാവലിരുന്നു.

ഓരോ പാമ്പിന്റെയും ശവമടക്ക് കഴിയുമ്പോള്‍ ഇനിയൊന്നു വരരുതേ എന്ന് അച്ഛമ്മ പ്രാര്‍ഥിക്കുന്നതു കാണാം. വിഫലമായ പ്രാര്‍ഥനകള്‍....

അതിനു ശേഷം ഒരിക്കല്‍ അച്ഛനോട് ചോദിച്ചു.
" എന്നു മുതലാണ്‌ അച്ഛന്‍ പാമ്പുകളെ കൊല്ലാന്‍ തുടങ്ങിയത്?"

ആച്ഛന്‍ പറഞ്ഞത് അച്ഛന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ ഭാര്യ പാമ്പ് കടിയേറ്റു മരിച്ചതും അതിനു ശേഷം അറിഞ്ഞോ അറിയാതെയോ പാമ്പുകളെ കൊന്നുകൊണ്ടിരുന്നതിന്റെയും കഥകള്‍.

പിന്നീട് മറ്റൊരു സ്ഥലത്തെയ്ക്ക് വീട് മാറി. ആ വീട് ചെത്തി തേച്ചു. പിന്നെ പൊളിച്ചു വാര്‍പ്പിന്റെ വീട് പണിതു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടെ വൈദ്യുതി വന്നു. രാത്രിയും പകലും നല്ല വെളിച്ചമായിപാമ്പിന്റെ ശല്ല്യം കുറഞ്ഞു വന്നു. പശുവിനും ആടിനും വേണ്ടി പുല്ലു പറിക്കാന്‍ അടുത്തുള്ള പറമ്പില്‍ പോകുമ്പോള്‍ മാത്രം പാമ്പുകളെ കണ്ടു. പതുക്കെ പശുവും ആടും വീടിന് അന്യമായി.

ബാംഗ്ലൂരില്‍ പാമ്പുകള്‍ വളരെ കുറവാണ്. കാണാറെയില്ല എന്നും പറയാം. അഥവാ കണ്ടാല്‍ അതിനു കുടിക്കാന്‍ വെള്ളവും കൊടുത്തു വിടും ഇവിടത്തുകാര്‍. ഒപ്പം ഞങ്ങളും!

അവരും ഭൂമിയുടെ അവകാശികള്‍.. പക്ഷെ മനുഷ്യ ജീവന് ഭീഷണി വരുമ്പോള്‍ നമ്മള്‍ അതൊക്കെ മറക്കുന്നു എന്ന് മാത്രം.

വിഷുവിനു കണി വയ്ക്കാന്‍ വെള്ളരിക്കയോ ചക്കയോ മാങ്ങയോ കോവയ്ക്കയോ, എന്തിന്, കൊന്നപ്പൂ പറിക്കാന്‍ പോലും നമുക്കിന്നു മുറ്റത്തെയ്ക്കോ പറമ്പിലെയ്ക്കോ ഇറങ്ങേണ്ട. എല്ലാം മൊബൈലില്‍ അമര്‍ത്തിയാല്‍ വീട്ടിലെത്തും.

കളിത്തോക്കില്‍ കാപ്സ് പൊട്ടിച്ച, വിഷുവിനു പറിക്കാന്‍ വെള്ളരി നാട്ടു നനച്ചുണ്ടാക്കിയ, കോവ വള്ളികളിലെ കായകള്‍ സൂക്ഷിച്ചു വച്ച, ചക്കയും മാങ്ങയും മരത്തില്‍ നിന്നും പറിച്ചെടുത്ത് കണി വച്ച ആ പഴയ നാളുകളുടെ ഓര്‍മ്മകളില്‍ നിന്നും മാറി വിഷു ആശംസകളോടെ, ഞാനുമെന്റെ മൊബൈല്‍ എടുക്കട്ടെ..

*****************************************************************************
അനിത പ്രേംകുമാര്‍
(ബാംഗ്ലൂര്‍ ജാലകത്തിന്റെ വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

4/12/17

വിഷു ആശംസകള്‍
കണിക്കൊന്നകള്‍ പൂത്തുലയാനും വിഷുപ്പക്ഷികള്‍ പാട്ട് പാടാനും തുടങ്ങിയിരിക്കുന്നു.
മൂവാണ്ടന്‍ മാവുകളില്‍ കണ്ണിമാങ്ങകള്‍ നിന്ന് ചിണുങ്ങുന്നു.
പറയി പെറ്റ പന്തീരു കുലത്തിലെ മൂത്തയാളായ നമ്പൂതിരിക്ക് പറയന്‍ തന്‍റെ അറിവില്ലായ്മ കൊണ്ട് കറിവച്ചു കൊടുത്ത പശുവിന്‍ അകിട്, കോവയ്ക്കകളായി  പുനര്‍ജനിച്ചു പന്തലില്‍ തൂങ്ങി യാടുന്നു.
വെള്ളരിക്കകള്‍ മൂത്ത് പഴുത്തു സ്വര്‍ണ്ണ വര്‍ണ്ണങ്ങളില്‍ മാടി വിളിക്കുന്നു.  മുഴുത്ത ഒരു ചക്ക,തേന്‍ വരിക്ക പ്ലാവില്‍,വേരിന്മേല്‍ കായ്ച്ചിരിക്കുന്നു. 
എങ്ങും വിഷുക്കാഴച്ചകള്‍. വീണ്ടും വിഷു വന്നെത്തിയല്ലോ!
 സ്വര്‍ണ്ണവും വെള്ളിയും കോടി മുണ്ടും വാല്‍ക്കണ്ണാടിയും നവധാന്യങ്ങളും
ഒക്കെ ഒരുക്കേണ്ടേ നമുക്ക് കണിവയ്ക്കാന്‍?

കണിക്കൊന്ന പോലെ, കത്തിച്ചു വച്ച നിലവിളക്ക് പോലെ  വിശുദ്ധമാകട്ടെ  നമ്മുടെ ഓരോ പ്രവര്‍ത്തിയും. ഓരോ പ്രഭാതവും നിറഞ്ഞ മനസ്സോടെ  കണികണ്ടുണരാന്‍ ഓരോ ദിവസം കൂടി  ആയുസ്സ് നീട്ടി കിട്ടിയതില്‍ സന്തോഷിക്കുകയാണല്ലോ നാമോരോരുത്തരും!

നമുക്ക് പ്രാര്‍ഥിക്കാം, നമ്മുടെ ഓരോ ദിനവും വിഷു ദിന മാകാന്‍.
ഓരോ പ്രഭാതത്തിലും കാണുന്ന കാഴ്ച വിഷുക്കണി ആകാന്‍.
 വിഷു ആശംസകളോടെ --------

അനിത പ്രേംകുമാര്‍

വിഷുപ്പുലരിയില്‍


കൊന്നപ്പൂവില്‍
തുളുമ്പും വിശുദ്ധിയും
വാല്‍ക്കണ്ണാടിയില്‍
കാണുന്ന മുഖവും
നവധാന്യ വെള്ളരി
കണ്ണിമാങ്ങാക്കുല
പൊന്നും പുടവയും
വെള്ളി നാണ്യങ്ങളും
ചുറ്റും പ്രകാശം
ചൊരിയും വിളക്കും

വിഷുക്കാല പുലരിയില്‍
കണികണ്ടുണരുവാന്‍
ഉപ്പും മധുരവും
വായില്‍ നുണയുവാന്‍
കണ്ണാ നീ എന്‍ കൂടെയില്ലേ
നിന്നോടക്കുഴലായി ഞാനും...


******************************

Anitha Premkumar

4/4/17

പൂച്ചക്കുട്ടികളെ സൃഷ്ടിക്കും മുന്നേ..

പൂച്ചക്കുട്ടികളെ സൃഷ്ടിക്കും മുന്നേ

ഉള്ളിലെരിയുന്ന കനലുകളൊക്കെയും
വെള്ളമൊഴിച്ചു കെടുത്തിയെന്നാകിലും
ഒരു തളിർ തെന്നലിൻകുഞ്ഞു തലോടലിൽ

ഒന്നായ് തെളിയുന്നു കത്തുന്നു കനലുകൾ!

ചാരത്താൽ മൂടിക്കിടക്കുന്നതൊക്കെയും
ചാരമാണെന്നു ധരിക്കുന്നു നാം വൃഥാ
ഓർമ്മകളാകുന്ന കനലുകളൊക്കെയും
ഓമനത്തത്തോടെ കൂടെ കരുതുവോർ!

വേദനിപ്പിക്കായ്ക, നീയിന്നബലയായ്
നിന്മുന്നിൽ നിൽക്കുന്ന പാവം പെൺകുട്ടിയെ
വേദനിപ്പിക്കായ്ക നീയിന്നവളെ, നിൻ
ഭാവിയിൽ താങ്ങായി മാറേണ്ടവളവൾ

കനലുകൾ സൃഷ്ടിക്കയെന്നതെളുപ്പമാ-
-ണൂതിക്കെടുത്തുക എന്നത് കഷ്ടവും
ചാരത്താൽ മൂടിക്കിടക്കുന്നതൊക്കെയും
ചാരമാണെന്നു ധരിക്കുക വേണ്ട നീ!

ഒരുനാളവൾ വരും ഒരു ഭദ്ര കാളിയായ്
ഒരുനാളവൾ വരും സംഹാര രുദ്രയായ്
മാനാപമാനങ്ങൾ പെണ്ണിന് മാത്രമോ?
മാനമില്ലാത്തോരോ, ആണ്‍ജന്മമൊക്കെയും?

തേന്മൊഴി,കിളിമൊഴി,കളമൊഴിയായവൾ
തേൻകൂടുമായിട്ടു നിന്മുന്നിൽ വന്നെന്നാൽ
തേനൂറും വാക്കിൽ മയങ്ങുന്നു നീയെന്നും
തേൻകൂട്ടിനുള്ളിലെ തത്തയായ് തീരുന്നു!

കനലുകൾ തീർത്തത് നീയല്ലേ കോവാലാ
കനലിലെരിഞ്ഞതും ഇന്ന് നീ അല്ലയോ?
കണ്മുന്നിൽ കാണുന്ന പെൺശരീരങ്ങളെ
കത്തുന്ന കാമത്താൽ നോക്കുവതെന്തുനീ?

*****************************************
അനിത പ്രേംകുമാർ

3/10/17

അക്ഷയ പാത്രം


അക്ഷയ പാത്രം അക്ഷയ പാത്രമൊരെണ്ണം തന്നു
കണ്ണനെനിക്കൊരു സമ്മാനമായി 
ഞാനതിലുണ്ണാതിരിക്കുവോളം
സദ്യവിളമ്പാന്‍ വരവുമോതി.

ഉണ്ണാതെ ഞാനെന്നും കാത്തിരുന്നു
വീട്ടുകാരൊക്കെകഴിക്കുംവരെ
എന്നിട്ടുംവീണ്ടുംഞാന്‍കാത്തിരുന്നു
നാട്ടുകാരാരാനും വന്നെങ്കിലോ!

എന്നുമെനിക്കൂണ് വൈകിമാത്രം
വയറുകരിഞ്ഞൊരുപാകമാവും
നാട്ടുകാരപ്പോഴും പാടിനടന്നു
ദ്രൌപദിക്കെപ്പോഴും സദ്യതന്നെ!

എങ്കിലുംകണ്ണാ ഞാനഹങ്കരിച്ചു
എത്രയോപേര്‍ക്ക് ഞാന്‍ സദ്യനല്‍കി
അതിനെനിക്കാകെ പണിയുള്ളതോ,
പാത്രങ്ങള്‍വൃത്തിയായ് കഴുകുകയും.

അതുപോലും ചെയ്തില്ല മുഴുവനായ്ഞാന്‍
എന്ന്നീചൊല്ലാതെചൊല്ലിയില്ലേ?
ഒരുചീരത്തുണ്ടാല്‍ നിന്‍പശിയകന്നു*
എന്നഹങ്കാരത്തിനാത്മബലിയും!

******************************************
കവിത: അനിത പ്രേംകുമാര്‍


(* ദ്രൌപദിയുടെ ഊണ്കഴിഞ്ഞശേഷം വിശന്നുവലഞ്ഞു കയറിവന്ന കണ്ണന് ഭക്ഷണംകൊടുക്കാന്‍കഴിയാതെ വിഷമിച്ച ദ്രൌപദിയെ സമാധാനിപ്പിക്കാന്‍ കണ്ണന്‍ അക്ഷയപാത്രത്തില്‍ ബാക്കിയായിപ്പോയ ഒരു തുണ്ട്ചീര ഭക്ഷിക്കുകയും അദ്ദേഹത്തിന്‍റെ വിശപ്പ്‌മാറുകയുംചെയ്യുന്നു.)

3/6/17

എനിക്കുമിന്നൊരു കവിത മൂളണം


പാരീസ് മിഠായി

പാരീസ് മിഠായി
------------------------
ബസ് സ്റ്റോപ്പിൽ വച്ച് എപ്പോള്‍ കണ്ടാലും പാവാടയുടെ പോക്കറ്റില്‍ നിന്നും കൈ നിറയെ പാരീസ് മിഠായി വാരിയെടുത്ത് അവള്‍ എനിക്ക് തരും. വീട് മാറിയപ്പോൾ പുതുതായി ചേർന്ന സ്‌കൂളിൽ, ഏഴാം ക്ലാസ്സില്‍, ഓണപ്പരീക്ഷ മുതല്‍ കൊല്ലപ്പരീക്ഷവരെ മാത്രം ഒരുമിച്ചുണ്ടായിരുന്ന ഒരു കൂട്ടുകാരി...

എപ്പോഴും പോക്കറ്റില്‍ എനിക്കായി മിഠായി കരുതാന്‍ മാത്രം ഞാന്‍ എന്ത് സ്നേഹമാണ് അവള്‍ക്കു തിരിച്ചു കൊടുത്തത്? അറിയില്ല. പക്ഷെ ഓരോ പ്രാവശ്യം മിഠായി തരുമ്പോഴും അവള്‍ എന്നെ വല്ലാതെ നോവിക്കും വിധം കൈത്തണ്ടയില്‍ ആഞ്ഞു നുള്ളുകയും ചെയ്യുമായിരുന്നു.

എന്തിനു ഇങ്ങനെ വേദനിപ്പിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് അടുത്തപ്രാവശ്യം കാണുന്നതുവരെ ഈ വേദനയില്‍ നീ എന്നെ ഓര്‍ക്കണം എന്ന്! കണ്ണുകളിൽ നോക്കി, ഹൃദയം കൊണ്ട് മാത്രം സംസാരിച്ച ഒരു കൂട്ടുകാരി..

പിന്നീട് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം കണ്ടപ്പോള്‍ പാരീസ് മിഠായികൾക്കൊപ്പം അവള്‍ ഇതുകൂടി പറഞ്ഞു "ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്, പക്ഷെ എനിക്ക് പഠിക്കണം, ഫാറൂഖ് അറബിക് കോളജിൽ ചേർന്നു ഡിഗ്രി എടുക്കണം.. എന്നിട്ട് നിന്റെ അമ്മയെപ്പോലൊരു ടീച്ചർ ആകണം, കൊന്നാലും കല്ല്യാണത്തിന് ഞാന്‍ സമ്മതിക്കില്ല " എന്ന്.

ഏതാനും മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഒരുമിച്ചു പഠിച്ച സ്കൂളിന്‍റെ വാര്‍ഷികത്തിന് ചെന്നപ്പോള്‍ കൈയ്യില്‍ നുള്ളാനും പാരീസ് മിഠായി തരാനും അവള്‍ എന്നെയും കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു.

" എന്തായി കല്യാണക്കാര്യം? " എന്ന് ചോദിച്ചപ്പോള്‍ അവള്‍ അല്പം ദൂരേയ്ക്ക് ചൂണ്ടി. എനിക്കൊന്നും മനസ്സിലായില്ല.

അപ്പോഴവൾ പറഞ്ഞു. " അതാ, ആ കാണുന്ന എന്‍റെ അനിയത്തിയെ ഓര്‍മ്മയില്ലേ നിനക്ക്?"

നോക്കിയപ്പോള്‍ ആറിലോ ഏഴിലോ പഠിക്കുന്ന അവളുടെ അനിയത്തിക്കുട്ടി സാരിയുടുത്തു പത്തിരുപത്തെട്ടു വയസ്സുള്ള ഒരാളോടൊപ്പം അവിടെ നില്‍ക്കുന്നു..

ആകെ അന്ധാളിച്ചു നോക്കി നിന്ന എന്നോടു ഒരു സാധാരണക്കാര്യം പോലെ എന്നാൽ വല്ലാതെ വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു, " ഞാന്‍ സമ്മതിച്ചില്ല. അവള്‍ക്ക് എതിര്‍ക്കാന്‍ അറിയുകയും ഇല്ല"

അവൾ തന്ന മിഠായികൾക്ക് എന്തുകൊണ്ടോ അന്ന് രുചികുറവായി തോന്നി.

പിന്നീട് എന്‍റെ കല്ല്യാണം വിളിക്കാന്‍ ബസ്‌ സ്റൊപ്പിനു അടുത്തുള്ള, എന്നാൽ അല്പം ഉള്ളിലായുള്ള അവളുടെ വീട് തപ്പിപ്പിടിച്ചു ചെന്നെങ്കിലും അവളെ കാണാന്‍ കഴിഞ്ഞില്ല.

ആകെ കാടുപിടിച്ചുകിടന്ന ഇടിഞ്ഞുപൊളിയാറായ ആ വീട്ടിൽ ആരെയും കാണാഞ്ഞത്കൊണ്ട് കല്യാണക്കത്ത് ഇറയത്ത് വച്ച് അന്ന് ഞാൻ തിരിഞ്ഞു നടന്നു.

മനസ്സിന്റെ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരങ്ങൾ കിട്ടിയില്ല... എന്റെ പാരീസ് മിഠായി ഇന്ന് എവിടെയായിരിക്കും?

വേണ്ട, നേരിട്ട് ചോദിക്കാം.

അറബിക് ടീച്ചറെ, നീ ഇപ്പോൾ എവിടെയാണ്?
******************************************
അനിത പ്രേംകുമാർ

1/3/17

സ്വാമിയേ ശരണമയ്യപ്പാ

കഥ: അനിത പ്രേംകുമാര്‍


" നീ ഇങ്ങു വന്നേ.. നമ്മുടെ വക്കീല് വിജയ ശങ്കർ കത്തിക്കേറുന്നു.. ഹ.. ഹ.. ഹ.. അയാൾക്ക് പിന്നെ ഒന്നും നോക്കണ്ടല്ലോ! മേലെ നോക്കിയാൽ ആകാശം, താഴെ നോക്കിയാൽ ഭൂമി..


"ബാക്കിയുള്ളവർക്ക്‌ നേരെ തിരിച്ചാണോ",  എന്ന് ചോദിച്ചാലോന്ന് തോന്നിയതാ.. അടുക്കളേന്ന് എത്ര ഒച്ചയെടുത്താലാ അത് ടി.വി. യുടെ മുന്നിലുള്ള ആൾ കേൾക്കുക! അതുകൊണ്ട് വേണ്ടാന്നു വച്ചു.

ചപ്പാത്തിക്ക് കുഴച്ചുകൊണ്ടിരുന്ന മാവ് അടച്ചു വച്ചു. കറിക്കു മുറിച്ചുവച്ച കഷ്ണങ്ങൾ കുക്കറിൽ അടുപ്പത്ത് വച്ച് വേഗം അവളും ടി. വി. യുടെ മുന്നിൽ എത്തി.

ചാനൽ ചർച്ച (അതോ ബഹളമോ!) തകർക്കുകയാണ്.. ആകെ വിറളി പിടിച്ച അവതാരകൻ ഒരു ഭ്രാന്തനെപ്പോലെ ഒച്ചയെടുക്കുകയും അയാളുടെ തീരുമാനങ്ങൾ ചർച്ചയ്ക്കു വന്നവരിൽ അടിച്ചേൽപ്പിക്കാൻ കഠിനപ്രയത്നം ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോൾ അവൾക്കു ചിരിയാണ് വന്നത്. അറിയാതെ ചിരിച്ചും പോയി...

" അല്ലാ, ഈ ചർച്ചയിൽ ചിരിക്കാൻ എന്താ ഉള്ളത്? നീ ചർച്ച ഒന്ന് ശ്രദ്ധിക്കൂ.. അവിടെ ഇപ്പോൾ ആര് ആരുടെ മേൽ കൈ വയ്ക്കും എന്ന് പറയാൻ പറ്റാത്ത അവസ്ഥയാ.. എന്നിട്ടും നീ ചിരിക്കുകയാണോ? "

അവൾ അപ്പോൾ മറ്റൊരു കാര്യമാണ് ഓർത്തത്.. ആ അവതാരകനെ ചർച്ചയ്ക്കു വന്ന എല്ലാവരും കൂടി വലിച്ചിട്ട് അടിച്ചാൽ നല്ല രസമായിരിക്കും.. പക്ഷേ അതവർ ലൈവ് ആയി കാണിക്കുമോ!

ഏയ്.. അപ്പൊ പരസ്യം വരാനാ സാധ്യത..

കുക്കറിന്റെ വിസിലുകളുടെ എണ്ണം കൂടുന്നു..

" ഞാൻ അടുക്കളയിലേക്ക് പോകുന്നു. ഈചർച്ചയൊക്കെ വീട്ടില്‍ ഒരു ജോലിയും ചെയ്യാത്ത, നിങ്ങൾ ആണുങ്ങൾക്കുള്ളതാ. എനിക്ക് ഇഷ്ടം പോലെ ജോലി ബാക്കിയുണ്ട്."

" അതെ. അത് ശരിയാ.. ഈ പെണ്ണുങ്ങൾക്കൊക്കെ ഇതൊക്കെ എവിടെ മനസ്സിലാവാൻ! നിന്നെ വിളിച്ച എന്നെ പറഞ്ഞാ മതിയല്ലോ!"

"ചപ്പാത്തിക്ക് എന്താ കറി?"

"ചെറുപയർ ഉരുളകിഴങ്ങും ചേർത്ത് വേവിക്കാൻ വച്ചിട്ടുണ്ട്."

"അയ്യോ, അത് വേണ്ട. കുറച്ചു പരിപ്പു വേവിച്ചു വയ്ക്കൂ.. ഒറ്റ വിസിൽ മതി. വെള്ളം കുറച്ചേ വയ്ക്കാവൂ.. ഞാൻ വന്നു നല്ല അടിപൊളി ഒരു കറിയുണ്ടാക്കിതരാം.. നീ എന്തുണ്ടാക്കിയാലും വായിൽ വയ്ക്കാൻ കൊള്ളില്ല.."

" അപ്പൊ വേവിക്കാൻ വച്ചത് ? "

"അത് നാളെ എടുക്കാലോ! "

ഇനി വീണ്ടും കുക്കർ ഒഴിച്ചു കഴുകണം. എന്നാലും സാരമില്ല. അവനുണ്ടാക്കിയ കറികള്‍ക്കെന്നും നല്ല രുചിയാണല്ലോ!

ഭക്ഷണം കഴിഞ്ഞു പാത്രങ്ങൾ കഴുകി ഒരല്പ സമയം ടി. വി.ക്കു മുന്നിൽ ഇരിക്കാം എന്ന് കരുതിയതാ.  പരസ്പരവും  കറുത്ത മുത്തും ചിന്താവിഷ്ടയായ സീതയും ഒക്കെ കണ്ടിട്ട് നാളുകള്‍ കുറെയായി. കഴിഞ്ഞപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അമ്മയുടെ കൂടെ ഇരുന്നു കണ്ടതാ. അതൊക്കെ എവിടം വരെ ആയോ എന്തോ! ആ ദീപ്തി ഐ.പി.എസ് ഓഫീസര്‍ ആണെന്ന് പറഞ്ഞിട്ടെന്താ! അവളുടെ കാര്യവും കഷ്ടം തന്നെയാണ്.

അതെങ്ങനാ, ഈ റിമോട്ട് ഒന്ന് കൈയ്യില്‍ കിട്ടിയിട്ട്മാസങ്ങളായി. അച്ഛന്‍ പിടി വിട്ടതും  മക്കള്‍ കൈക്കലാക്കി!

അപ്പോഴേക്കും അകത്തുനിന്നും വിളി വന്നു.

" കിടക്കാറായില്ലേ? കുറച്ചു വെള്ളം ഇവിടെ കൊണ്ടുവന്നു വച്ചേക്കണേ". 

"ഇപ്പൊ വരാട്ടോ.. "

അകത്തു ചെന്ന്  വളരെ സ്നേഹപൂർവ്വം അവൾ അയാളോട് ചോദിച്ചു.

"അതേയ്, നിങ്ങൾ എപ്പോഴാ വ്രതം തുടങ്ങുന്നേ? "

"എന്ത് വ്രതം?"

"ഇത് ശബരിമല സീസൺ അല്ലേ ? ഇപ്രാവശ്യം പോകുന്നില്ലേ?"

"ഹ.. ഹ... ഹ

നിനക്ക് റസ്റ്റ് വേണം ഇല്ലേ ?"

" ഉം... അങ്ങനെയും പറയാം... മാലയിട്ടാൽ പിന്നെ നിങ്ങളുടെ ഈ ചുറ്റിക്കളിയൊക്കെ കുറച്ചുനാൾ നിന്നുകിട്ടുമല്ലോ ! നേരെ മുന്നില്‍പ്പെട്ടാലും കാണാത്തപോലെ ഒരു പോക്കുണ്ട്... കള്ളന്‍!

അയാൾ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
" പെണ്ണെ, അതിനൊക്കെയാണ് പത്രം വായിക്കുകയും ചാനൽ ചർച്ചകാണുകയും ഒക്കെ ചെയ്യേണ്ടത്... "

" ങേ.. അതും ഇതും തമ്മിൽ എന്ത് ബന്ധം ? "

"ബന്ധങ്ങളെയുള്ളൂ.. ഇനി മുതൽ ശബരിമലയ്ക്കു നിനക്കും വരാം...

"ങേ!"

"അതെ..ഭക്ഷണമൊന്നും ഇനി വഴിവക്കിൽ കാണുന്ന ഹോട്ടലിൽ നിന്നല്ല.. നീ വച്ചുണ്ടാക്കിയ നല്ല ഹോം മെയ്ഡ് ഫുഡ്! പോകുമ്പോള്‍ നമുക്ക് അത്യാവശ്യം കുക്ക് ചെയ്യാനുള്ള സാധന സാമഗ്രികളും കരുതാം. "

"അപ്പൊ, അ.... അമ്പതു വ..യ..സ്സ്?"

തുറന്നു പിടിച്ച അവളുടെ ചുണ്ടുകള്‍ ചേര്‍ത്ത് അടച്ചുകൊണ്ട് അവന്‍ പറഞ്ഞു.

"അതൊക്കെ പണ്ട്.. നീ വാ. കിടക്കാം.. "

എന്തിനെന്നറിയാതെ ദേഷ്യം വന്നു..

എട്ടാമത്തെ വയസ്സില്‍ അച്ഛന്റെ കൈയും പിടിച്ചു മലകയറിയത് ഇപ്പോഴും ഓര്‍ക്കുന്നു. കെട്ടുനിറയുടെ സമയത്ത് ശരണം വിളികളില്‍ മുങ്ങി നിവരുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്, പേട്ട തുള്ളിയത്..കല്ലിടാം കുന്നില്‍ കല്ലിട്ടത്.. ശരം കുത്തിയില്‍ ശരമെറിഞ്ഞത്, സന്നിധാനത്തിലെ തിരക്കില്‍ ഏതോ ഒരു പോലീസുകാരന്‍ എടുത്തുയര്‍ത്തി അയ്യപ്പനെ കാട്ടിത്തന്നത്, പിന്നെ വെളുപ്പാന്‍ കാലത്തെ തണുപ്പില്‍ ഐസ് പോലെ തണുപ്പാര്‍ന്ന ഉരക്കുഴിതീര്‍ത്ഥത്തില്‍ കുളിച്ചത്...

ഇനി, മധ്യവയസ്സുകഴിഞ്ഞു  എല്ലാ തിരക്കുകളും കടമകളും ഒക്കെ കഴിഞ്ഞു, പെണ്ണ് എന്ന ദേഹബോധം ഒഴിഞ്ഞശേഷം   മാത്രമേ പോകാന്‍ പറ്റൂ എന്നാണു കരുതിയത്‌.
ഇപ്പോള്‍ അതും മാറിയിരിക്കുന്നു!
ഇനിയിപ്പോ കിടന്നിട്ടെന്തിനാ?ഉറങ്ങാൻ കുറെ കഴിയണ്ടേ!

പെട്ടെന്ന് അവൾ ചോദിച്ചു,

"ഈ പെണ്ണുങ്ങളുടെ ശബരിമല എന്ന് പറയുന്ന അമ്പലത്തിൽ നിങ്ങളെ കയറ്റാൻ പുതിയ നിയമം വല്ലതും വന്നോ ?"

" ഇല്ല"

" എങ്കിൽ ഞാൻ നാളെമുതൽ വ്രതം തുടങ്ങുന്നു.. "

"എന്തിന് ?"

 അതിനുത്തരം പറയാതെ അവള്‍ കയറിക്കിടന്നുറങ്ങി. ഉറക്കം വരാഞ്ഞതുകൊണ്ടോ എന്തോ, അവന്‍ വീണ്ടും ടി.വി യില്‍ ചാനല്‍ ചര്‍ച്ചകള്‍ കാണാനിരുന്നു.


**************************

അനിത പ്രേംകുമാർ

11/25/16

തുല്യത - ചില ആൺ ചിന്തകൾ* പറയാൻ തോന്നിയ കാര്യങ്ങൾ
സത്യസന്ധമായി പറഞ്ഞപ്പോഴാണ്
നീ എന്നോട് പിണങ്ങിയത്.
പറയാനുള്ളത് മറച്ചുവച്ചു
മധുരം പൊതിഞ്ഞ നുണകളാണ്
ഞാൻ നിനക്ക് സമർപ്പിച്ചതെങ്കിൽ
നീ ഒരിക്കലും എന്നെ
വെറുക്കില്ലായിരുന്നു... 


* 14 സെക്കന്റ് നിന്നെ നോക്കിയത്
നിന്നോടുള്ള പ്രണയം പറയാൻ
അറിയാഞ്ഞിട്ടായിരുന്നു..
എന്റെ നോട്ടത്തിൽ നീയത്
വായിച്ചെടുക്കും എന്ന് ഞാൻ
വൃഥാ കരുതി... എന്നാൽ
15ആം സെക്കന്റിൽ നീ ചെയ്തതോ!

* പ്രണയം തോന്നി തന്നെയാണ്
പെണ്ണെ ഞാൻ നിന്റെ
പിറകെ നടന്നത്.
അത് പറയേണ്ട സമയത്ത്
പറയാൻ അറിയാത്തതുകൊണ്ട്
മാത്രമാണ് നീയിന്നു
മറ്റൊരാളുടെതായതും
ഞാനിന്നു സ്വസ്ഥമായിരിക്കുന്നതും!

* ഇഷ്ടം ചോദിക്കുന്നതിന്മുന്നേ
കഷ്ടകാലത്തിനു ഞാൻ
നിന്നെയൊന്നു തൊട്ടുപോയി!
കൂകി വിളിച്ചു നീ ആളെക്കൂട്ടി
എന്നെ വെറുമൊരു
കശ്‌മലനാക്കി
നാണംകെട്ടയെന്റെ പ്രണയം
നാടുവിട്ടു പറന്നും പോയി
അത് നീയാണ് തൊട്ടതെങ്കിലോ?

* നിന്നെക്കാൾ പഠിപ്പുവേണം
നിന്നെക്കാൾ ഉയരം വേണം
നിന്നെക്കാൾ വിവരം വേണം
നിന്നെക്കാൾ ശമ്പളം വേണം
ഇതെല്ലാമുള്ളയാളെ കെട്ടിയപ്പോ
നീ പറയുന്നു,
തുല്യതവേണം.. തുല്യത!


**************************

അനിത പ്രേംകുമാര്‍

ഡിവോര്‍സ്ടി വി യില്‍ കാര്യമായി എന്തോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.
പെട്ടെന്ന് തിരിഞ്ഞു അടുക്കളയിലുള്ള അവളോടു ചോദിച്ചു.

"അല്ല, നീ എപ്പോഴാ എന്നെ ഡിവോര്‍സ് ചെയ്യുന്നത്?"

"ങേ"

"ങാ. അതെന്നെ. നമുക്കും പിരിഞ്ഞാലോ?"

"ഓ.. അങ്ങിനെ.

പിരിയാലോ.. ഇപ്പോള്‍ ട്രെന്‍ഡ് 25 ആം വാര്‍ഷികം ഒക്കെ ആഘോഷിച്ച ശേഷം പിരിയുന്നതല്ലേ? എന്നിട്ട് നമുക്കൊരു ജോയിന്‍ പെറ്റീഷന്‍ കൊടുക്കാം. എങ്കില്‍ കാര്യങ്ങള്‍ എളുപ്പം നടക്കുമത്രെ! "

"ങേ... അതെന്തിനാ? ഞാന്‍ ഒരു തമാശയ്ക്ക് ചോദിച്ചതല്ലേ? "

"ആണോ? പക്ഷേ ഞാന്‍ കാര്യായി തന്നെ പറഞ്ഞതാ. ഇങ്ങള് കണ്ടില്ലേ, ലിസിയും പ്രിയനും, അതുപോലെ പലരും ചെയ്തത്? നല്ല പ്രായത്തില്‍ അയാളുടെ ചിലവില്‍ അടിപൊളിയായി ജീവിച്ചു, ഇനീ വയസ്സാവുമ്പോള്‍ നൂറുകൂട്ടം അസുഖങ്ങള്‍ ഒക്കെ വരാറാവുമ്പോള്‍ വിട്ടുപോയാല്‍ പിന്നെ കുത്തിയിരുന്ന് ശുശ്രുഷിക്കേണ്ടല്ലോ"

"ഓ... അങ്ങിനെ! അപ്പോള്‍ ഇതൊക്കെയാണ് പെണ്ണുങ്ങളുടെ മനസ്സില്‍ അല്ലെ?'

" ങാ.. അതും ഉണ്ടാവും. തുടക്കത്തില്‍ നിങ്ങളൊക്കെ ഞങ്ങളെ ഒരുപാട് കഷ്ടപ്പെടുത്തുന്നതല്ലേ!

നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ തയ്യാറാവാം. പക്ഷേ കാരണം അതല്ല.."

"പിന്നെ?"

"ഞാന്‍ കുറച്ചു ദിവസമായി ആലോചിക്കുന്നു. നിങ്ങള്‍ എപ്പോഴും പറയാറില്ലേ, ഈ കുടുംബവും കുട്ടികളും ഒക്കെയുള്ളത്‌ കൊണ്ടാണ്, ഇല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി, രാഷ്ട്രത്തിനു വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന്."

"അതെ."

" ഒരുപാട് ഐഡിയ ഒക്കെയുള്ള ആളല്ലേ? ഞാന്‍ നിങ്ങളെ ഫ്രീയാക്കി വിടാം. പൊയ്ക്കോളൂ.. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനു വേണ്ടി, നമ്മുടെ രാഷ്ട്രത്തിനു വേണ്ടി പറ്റാവുന്ന കാര്യങ്ങള്‍ ഒക്കെ ചെയ്യുക. പത്തു മണിക്കുള്ളില്‍ വീട്ടില്‍ വരണമെന്നോ, അരി വാങ്ങാന്‍ പണം വേണമെന്നോ ഒന്നും ആവശ്യപ്പെടില്ല."

ടി. വി. യില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്ന അയാള്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

"ടി.വി.യില്‍ എന്നെക്കണ്ട് നീ ബോധം കെട്ടു വീഴരുത്."

" എന്തിന്, എനിക്കഭിമാനമല്ലേ? നിങ്ങള്‍ ഉയര്‍ന്നുയര്‍ന്നു പോകുന്നത് കാണാന്‍!"

" അതല്ല.. നീ അവിടെ എഴുതിയ ഫ്ലാഷ് ന്യൂസ്‌ വായിക്കൂ.. അതുപോലെ എന്‍റെ പേരും വരും, ഒരു ദിവസം "

ഞാന്‍ നുറുക്കിക്കൊണ്ടിരുന്ന പച്ചക്കറികള്‍ മാറ്റി വച്ച് ടി വി യുടെ മുന്നിലേക്ക്‌ ചെന്ന് വായിച്ചു.

" ദിലീപും കാവ്യയും മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തില്‍ വിവാഹിതരായി"

"ങേ! അപ്പോള്‍ അതാണ്‌ കാര്യം! ഞാന്‍ ഈ പറഞ്ഞതൊക്കെ പൊട്ടത്തരം!"

ചുമ്മാതല്ല, ഈ ആണുങ്ങള്‍ നന്നാവാത്തത്! ഒരിക്കല്‍ പറ്റിയാലും വീണ്ടും ചിന്ത അത് തന്നെ.

അടുക്കളയിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഞാനെന്നോടു തന്നെ പറഞ്ഞു.
" കൊന്നാലും നിങ്ങള്‍ക്ക് ഡിവോര്‍സ് തരുന്ന പ്രശ്നമില്ല. ആഹാ.. "

**************************************************************
(കഥ: അനിത പ്രേംകുമാര്‍)

11/23/16

പിണക്കം അഥവാ പരിഭവം


ആരോടാണ് നമ്മള്‍
പിണങ്ങുന്നത്?
എന്തായാലുമത്
വഴിയെ പോണവരോടല്ല.

കുഞ്ഞു കണ്ണുകള്‍
നിറഞ്ഞു തുളുമ്പിയപ്പോള്‍,
കുഞ്ഞു ചുണ്ടുകള്‍
വിതുമ്പിയപ്പോള്‍

ഓടിവന്നെടുത്തു
മാറോടു ചേര്‍ത്ത്
കരയല്ലേ വാവേ,
നിന്റമ്മ ദാ വരുന്നു

എന്നോതി നമ്മളെ
ഇക്കിളിയാക്കി
ചിരിപ്പിച്ചും
പിന്നെ ചിന്തിപ്പിച്ചും

ബാല്യത്തിനു കൂട്ടായി
കൌമാരത്തിന് തണലായി
യൌവനത്തിന് കാവലാളായി
കൂടെനിന്ന ബന്ധുവിനോട്!

അല്ലെങ്കില്‍

മനസ്സിലെ മാരിവില്ലുകള്‍
പരസ്പരം പങ്കുവച്ചു
ഹൃദയത്തിനൊരു കോണില്‍
പ്രതിഷ്ഠിച്ചു പൂജിച്ച

പ്രണയ ബിംബത്തോടോ,
പ്രിയ സൌഹൃദത്തോടോ,
ഏറെ പ്രിയപ്പെട്ട
സഹപാഠികളോടോ!

അതുമല്ലെങ്കില്‍
ഒന്നിച്ചു പകുത്തുണ്ടും
അതിലേറെ പതംപറഞ്ഞും
കാണാതിരുന്നപ്പോള്‍
ഇടനെഞ്ച് കലങ്ങിയും

ഒന്നായ് വളര്‍ന്നൊരു
കൂടപ്പിറപ്പോടോ,
ദൈവത്തിന്‍ പ്രതിരൂപമായ്
നമ്മിലലിഞ്ഞൊരു

മാതാപിതാക്കള്‍ തന്‍
നിസ്വാര്‍ത്ഥ സ്നേഹത്തോടോ,
ആരോടാണ് നമ്മള്‍
പിണങ്ങുന്നത്?

അതെ....

നമ്മള്‍ പിണങ്ങുന്നത്,
കഠിനമായി സ്നേഹിച്ചവരോട്.
കഠിനമായി വെറുക്കാന്‍,
വെറുത്തുകൊണ്ട് സ്നേഹിക്കാന്‍
പ്രാപ്തിയുള്ളവരോട്.

എന്തായാലുമത്
വഴിയെ പോണവരോടല്ല.
നമ്മളോടവര്‍ക്ക് സ്നേഹമില്ല
അവരോടു നമുക്കും!

പിണക്കത്തിന്‍ പിന്‍ബലം
സ്നേഹമത്രേ!

************************
-അനിത പ്രേംകുമാര്‍-

10/18/16

വടിയല്ല, വടിവാൾഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ പ്രതീക്ഷിക്കാതെ തില്ലെങ്കേരിയിലും ചെന്നു. അച്ഛനും അമ്മയും ബാംഗ്ലൂര്‍ക്ക് വന്നേപിന്നെ, സാധാരണ തലശ്ശേരിയിലുള്ള വീട്ടില്‍ മാത്രം പോയി തിരിച്ചു വരികയാണ് ചെയ്യാറ്.
പോകുന്ന വഴിക്ക് തന്നെ ഒരുപാടു നാട്ടുകാരെ കണ്ടു. കാണുന്നിടത്തെല്ലാം വണ്ടി നിര്‍ത്താന്‍ ഏട്ടനോട് എങ്ങനെ പറയും? അതുകൊണ്ട് തന്നെ എല്ലാവരോടും മിണ്ടാന്‍ ഒന്നും പറ്റിയില്ല. എങ്കിലും ഒരുപാട് പ്രിയപ്പെട്ട കുറച്ചുപേരോടു മിണ്ടാന്‍ പറ്റി.. ബന്ധുക്കളെക്കാര്‍ ഞങ്ങള്‍ സ്നേഹിച്ചതും ഞങ്ങളെ സ്നേഹിച്ചതും നാട്ടുകാര്‍ ആയിരുന്നു. ആ നാട്ടില്‍ തന്നെ അധ്യാപകര്‍ ആയിരുന്ന അച്ഛനോടും അമ്മയോടുമുള്ള സ്നേഹത്തിന്റെ പ്രതിഫലനം ഞങ്ങള്‍ക്കും കിട്ടുന്നു എന്ന് മാത്രം.

അങ്ങനെ മിണ്ടിയു പറഞ്ഞും സമയം പോയപ്പോള്‍ ഒന്ന് വയലില്‍ പോയി വരാന്‍ തീരുമാനിച്ചു. തോട്ടിന്‍ കരയിലുള്ള ഞങ്ങളുടെ വയലിന്‍റെ അടുത്തെത്തിയപ്പോള്‍ മൂന്നാല് കുട്ടികള്‍ വെള്ളത്തിൽ നിന്നും വിളിച്ചു പറഞ്ഞു പറഞ്ഞു.

"അവിടെ കൂട്ടിയിട്ടിരിക്കുന്ന പൂഴി ഞങ്ങളുടെതാണ്"

ഞങ്ങള്‍ നോക്കിയപ്പോ പൂഴിയൊന്നും കാണാനില്ല. എങ്കിലും വെറുതെ പറഞ്ഞു." ഞങ്ങളുടെ സ്ഥലത്ത് നിങ്ങള്‍ എന്ത് കൂട്ടിയിട്ടാലും അതൊക്കെ ഞങ്ങള്‍ തിരിച്ചുപോകുമ്പോള്‍ കാറില്‍ കയറ്റി കൊണ്ട് പോകും. ദാ , ആ കാണുന്ന പശുവിനെ ഉള്‍പ്പെടെ." തൊട്ടു മുന്നിലായി ഒരു പശുവിനെ ആരോ കെട്ടിയിട്ടത് അവിടെ നടന്നു മേയുന്നുണ്ടായിരുന്നു.

ഉടനെ ഓരോ കൊച്ചു തോര്‍ത്ത് മാത്രം ചുറ്റി വെള്ളത്തില്‍ മലക്കം മറിഞ്ഞിരുന്ന കുട്ടികള്‍ ഓടി വന്നു ഞങ്ങളെ കടന്നു മുന്നോട്ടു പോയി. വയലിന്‍റെ അങ്ങേയറ്റത്തായി അവര്‍ വെള്ളത്തിലിറങ്ങി കോരിയിട്ട കുറെ പൂഴി കൂമ്പാരമായി കിടക്കുന്നത് അപ്പോഴാണ്‌ ഞങ്ങളും കണ്ടത്. അതിനടുത്തുള്ള ഒരാള്‍ക്ക്‌ വേണ്ടി എടുത്തു വച്ചതാണ് എന്നും ഒരു കൊട്ടയ്ക്കു 40 രൂപ വച്ച്, 60 കൊട്ടയുണ്ട് എന്നും പറഞ്ഞു.

" ആഹാ... മണല്‍ മാഫിയ ആണ് ഇല്ലേ? ഞങ്ങള്‍ ഫോട്ടോ എടുത്തു ഫെയ്സ് ബുക്കില്‍ ഇടും " എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്, "മണല്‍ മാഫിയ അല്ല, മണല്‍ കൊള്ളക്കാര്‍ എന്ന് തന്നെ പറഞ്ഞോളൂ" എന്ന്! എന്നിട്ട് പല പോസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങി.

അവര്‍ മരത്തില്‍ കയറി കുടംപുളി യൊക്കെ പറിച്ചു തന്നു. നല്ല "കുരുത്തം കെട്ട കുട്ടികള്‍"... ഇന്നത്തെ കാലത്ത് കാണാന്‍ കിട്ടില്ല... വംശനാശം വന്നുകൊണ്ടിരുന്ന ഒരു വര്‍ഗ്ഗത്തെ കണ്ടപോലെ ഞങ്ങളും സന്തോഷിച്ചു. അവരുടെ കൂടെ അവിടെയൊക്കെ ഓടി നടന്നു.

ഇതിനിടയിൽ കെട്ടിയിട്ട പശു എവിടെപ്പോയി എന്നാലോചിക്കുമ്പോൾ, കുട്ടികളിൽ ഒരാള്‍ എന്നോടു പറഞ്ഞു.

"ഞങ്ങള്‍ ഒരു സിനിമ എടുത്തിട്ടുണ്ട്, മൊബൈലില്‍. കാണിച്ചു തരട്ടെ?"
ദൈവമേ, എന്ത് സിനിമയാണോ! എന്നാലും പറഞ്ഞു, "കാണിക്കൂ..."

കൂട്ടത്തില്‍ തടിമിടുക്കുള്ള ഒരു കുട്ടി അവന്റെ കൊച്ചു മൊബൈല്‍ ഓണ്‍ ചെയ്തു, അതില്‍ അവന്റെ കൂട്ടുകാരന്‍ ചിത്രീകരിച്ച ഒരു "സിനിമ" പ്ലേ ചെയ്യാന്‍ തുടങ്ങി.

ആകെ ബഹളമയം ആണല്ലോ! കുറെ അലര്‍ച്ചകളും കരച്ചിലുകളും ഒക്കെയല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല. വ്യക്തതയും കുറവ്.
കുറച്ചു ദൂരെ മാറി നിന്ന് ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ഏട്ടന്‍ ചോദിച്ചു."

എന്താ അവിടെ?"

" ആ.. ഇവര്‍ സിനിമ എന്ന് പറഞ്ഞു ഏന്തൊക്കെയോ കാണിക്കുന്നു.. എനിക്കൊന്നും മനസ്സിലായില്ല."

അപ്പോള്‍ ആ കുട്ടി തന്നെ വിശദീകരണവുമായി വന്നു.

" ഇങ്ങോട്ട് നോക്കൂ... ഇത് ഞാന്‍. ഞാന്‍ ----- എന്ന പാര്‍ട്ടിയാണ്. ഇതാ, ഇത്, ഇവന്‍. ഇവന്‍ ----- എന്ന പാര്‍ട്ടിയും. ഞാന്‍ ഇവനെ കൊല്ലാന്‍ ശ്രമിക്കുന്നതും, ഇവന്‍ അലറിക്കരയുന്നതും ആണ് നിങ്ങള്‍ സിനിമയില്‍ കണ്ടത്... അവസാനം ഇവന്‍ മരിക്കുന്നതും... എന്‍റെ കൈയ്യില്‍ കാണുന്നത് വടിയല്ല... വടി വാള്‍ ആണ്.... വടി വാള്‍. ( അത് വടി തന്നെയാണ്, വടിവാൾ അവരുടെ സങ്കൽപം )

ഒരു മിനിട്ട് പകച്ചുപോയി ഞങ്ങള്‍. പിന്നെ ഓര്‍ത്തു. ഇവരെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥം! പണ്ട് ഞങ്ങള്‍ കുട്ടികള്‍ ആയിരുന്നപ്പോഴും മുതിര്‍ന്നവരെ അനുകരിച്ചു കളിച്ചിരുന്നല്ലോ.. കഥയും തിരക്കഥയും വേറെ ആയിരുന്നു. ചിത്രീകരിക്കാന്‍ മൊബൈലും ഉണ്ടായിരുന്നില്ല എന്ന വ്യത്യാസം മാത്രം..

അവര്‍ കാണുന്നത് അവര്‍ അനുകരിക്കട്ടെ.. തിരിച്ചു പോരാന്‍ നേരം ഞാന്‍ വെറുതെ അവരോടു ചോദിച്ചു.

" നിങ്ങള്‍ക്ക്--- എന്ന ടീച്ചറെ അറിയോ? നിങ്ങളുടെ അച്ഛനെയും അമ്മയെയും ഒക്കെ പഠിപ്പിച്ച ടീച്ചര്‍ ആണ്.

അവര്‍ പറഞ്ഞ ഉത്തരം. " ഇല്ല, അറിയില്ല. പക്ഷെ കൈയ്യില്‍ കിട്ടിയാല്‍ അവരേം കൊല്ലും ഞങ്ങള്‍!"

കൂടെ ഉണ്ടായിരുന്ന ചേച്ചി അവനോടു പറഞ്ഞു,
" അവര്‍ ഇവരുടെ അമ്മയാണ്. നീ എന്താ പറഞ്ഞത്?"

അതിനു പ്രത്യേകിച്ച് ഭാവഭേദമൊന്നും കാട്ടാതെ, അവര്‍ ഓടിപ്പോയി തോട്ടിലേക്ക് എടുത്തു ചാടി കുത്തി മറിഞ്ഞു കളിച്ചു. എന്നിട്ട് പൊങ്ങി വന്നു സ്നേഹത്തോടെ ചിരിച്ചുകൊണ്ട്, ഞങ്ങള്‍ക്ക് ബൈ പറഞ്ഞു, കൈ വീശി.

നിഷ്കളങ്കരായി!

കളങ്കം നമ്മളില്‍ അല്ലെ? അവര്‍ കുട്ടികള്‍ തന്നെയാണ്. സൂക്ഷിക്കേണ്ടത് നമ്മളാണ്....

******************************
അനിത പ്രേംകുമാര്‍

9/27/16

കണ്ണൂർ ജില്ലയിലെ കെട്ടാ ചെറുക്കൻമാർ(അനിത പ്രേംകുമാർ)

1980-90 കാലഘട്ടം.

നൂറ്റി ഇരുപത്തഞ്ചാമത്തെ പെണ്ണ്കാണൽ കഴിഞ്ഞപ്പോൾ രാജേഷ് വീട്ടുകാരോട് പറഞ്ഞു.

" ഇനി എനിക്ക് വയ്യ , ഞാൻ ഇനി കല്ല്യാണം കഴിക്കുന്നേയില്ല". എന്ന്.
കാര്യം എന്താണെന്നല്ലേ?

പുത്തൻ പണക്കാരനും ദുബായ്ക്കാരനുമായ രാജേഷിന് പെണ്ണ് കൊടുക്കാൻ അന്ന് നാട്ടിൽ പലരും തയ്യാറായിരുന്നു. പക്ഷേ അവനും വീട്ടുകാരും അന്വേഷിച്ചത്, സൗന്ദര്യത്തിൽ, സ്വത്തിൽ, കുടുംബ മഹിമയിൽ ഒക്കെ അവരെക്കാൾ ഒരുപടി മുന്നിൽ ഉള്ള പെണ്ണിനെ ആയിരുന്നു.

പറഞ്ഞിട്ടെന്തുകാര്യം!
സൗന്ദര്യം ഉള്ള പെണ്ണിന് ചിലപ്പോൾ സ്വത്തുണ്ടാവില്ല. സ്വത്തുള്ളതിന് ചിലപ്പോൾ സൗന്ദര്യവും. ഇത് രണ്ടും ഉള്ളയാൾക്കും കുടുംബ മഹിമ എന്നൊന്ന് ഉണ്ടായില്ലെങ്കിലോ?

ഇനി ഇതൊക്കെ തികഞ്ഞ ഒരു പെണ്ണിനെ കണ്ടെത്തുമ്പോഴേക്കും അവളുടെ ജാതകം ചേരില്ല!

അഥവാ ജാതകം കൂടി ചേർന്നാലോ, അമ്മയോ, ഉപദ്രവമല്ലാതെ യാതൊരുവിധ ഉപകാരവും ജനിച്ചിട്ട് ഇന്നേവരെ ആങ്ങളയ്ക്കുവേണ്ടി ചെയ്തിട്ടില്ലാത്ത അഞ്ചോ ആറോ പെങ്ങന്മാരിൽ ഒരാളോ പറയും, " അവളുടെ നോട്ടം അത്ര ശരിയല്ല.. അല്പം അഹങ്കാരം കൂടുതലാ.. നമുക്ക് ചേരൂല!" എന്ന്.

നൂറ്റി എട്ടാമത്തെ വീട്ടിൽ നിന്നും ചായ കുടിച്ചു ലഡുവിന്റെ മധുരം നുണഞ്ഞു, കൂടെ വന്ന അളിയനും അതെ, അതു ശരിയാണ് എന്ന് തലയാട്ടും..
അങ്ങനെ മടുത്തിട്ടാണ് രാജേഷ് 125 ആമത്തെ തവണ ഇനി കല്യാണമേ വേണ്ട എന്ന് പറഞ്ഞത്. അവസാനം അവർ തിരിച്ചുപോയി ആ നൂറ്റിഎട്ടിനെ തന്നെ കെട്ടി എന്നത് ചരിത്രം.

ഇതൊരു രാജേഷിന്റെ കഥ മാത്രമല്ല. ജീപ്പ് ഡ്രൈവർ രാജീവൻ ആയാലും, ചിട്ടി നടത്തുന്ന വേലായുധൻ ആയാലും പോലീസ് കോൺസ്റ്റബിൾ പപ്പൻ ആയാലും, പട്ടാളം പുരുഷു ആയാലും സ്ഥിതി ഇത് തന്നെ.

ഓരോ പെൺകുട്ടികളും അവരുടെ വീട്ടുകാരും ശ്വാസം അടക്കിപിടിച്ചു കാത്തിരിക്കും. എന്തെങ്കിലും അരുതാത്തതു മിണ്ടിപ്പോയാൽ ഈ പെണ്ണിനെ വിട്ട്, ചെക്കൻ അടുത്ത വീട്ടിൽ പെണ്ണുണ്ടോ എന്നന്വേഷിച്ചു, അവിടെ ചായ കുടിക്കാൻ കയറുന്നതു കാണേണ്ടിവരും എന്നത് തന്നെ കാരണം.
ഇനി വിവാഹം കഴിഞ്ഞാലും പെൺ വീട്ടുകാർ പെണ്ണിന്റേയോ ചെറുക്കന്റെയോ മേൽ യാതൊരു അവകാശവും ഇല്ലാത്തവർ.. ഒരു രണ്ടാം തരം പൗരൻമാർ! ചെറുക്കന്റെ അമ്മയോ, പെങ്ങന്മാരോ, മരുമക്കളോ ഒക്കെ കഴിഞ്ഞുള്ള ചെറിയ അവകാശമേ പിന്നീട് പെണ്ണിന്റെ വീട്ടുകാർക്ക് ഇവരുടെ മേൽ ഉണ്ടാവൂ.. പെൺ വീട്ടുകാർ എപ്പോഴും ഓച്ഛാനിച്ചു നിൽക്കണം. ഇല്ലെങ്കിൽ പെണ്ണ് വിവരമറിയും.

പിന്നെ എത്ര പഠിച്ച, ജോലിയുള്ള പെണ്ണാണെങ്കിലും അവളെ കാണുന്നത് വീട്ടുജോലികൾ ചെയ്യാൻ പണം കൊടുക്കേണ്ടാത്തയാൾ എന്ന രീതിയിൽ കൂടിയായിരുന്നു.

ഇതൊക്കെ ഇങ്ങനെയൊക്കെ ആകുന്നതിനു പ്രധാന കാരണം ഞങ്ങളുടെ നാട്ടിൽ അഞ്ചുപൈസ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നില്ല എന്നതും ആവാം.

എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി. നാട്ടിൽ പെൺകുട്ടികളെ കിട്ടാനില്ല. സ്ത്രീധനം എന്നപേരിൽ കൊടുക്കുന്നും വാങ്ങുന്നും ഇല്ലെങ്കിലും അച്ഛൻ, അമ്മാവൻമാർ തുടങ്ങി ആരെങ്കിലും ഒരു ജന്മം മുഴുവൻ പ്രവാസിയായി പെണ്ണിന്റെ കുടുംബത്തിൽ ഉണ്ടെങ്കിൽ പെണ്ണിന് കുറഞ്ഞത് അഞ്ഞൂറ് പവൻ ഒക്കെ കൊടുക്കും. പെൺ വീട്ടുകാർ പലപ്പോഴും ചെക്കനേയും പെണ്ണിനേയും നിയന്ത്രിക്കുന്ന ശക്തികൾ ആയി മാറാനും തുടങ്ങി.

ആദ്യത്തെ കുട്ടി ആൺ കുട്ടിയാണെങ്കിൽ ഒരു കുട്ടിയിൽ നിർത്തിയ രക്ഷിതാക്കളുടെ എണ്ണം കൂടിത്തുടങ്ങിയപ്പോൾ, നാട്ടിൽ പെണ്കുട്ടികൾക്ക് വല്ലാത്ത ക്ഷാമം! ഉള്ളവർ ആകട്ടെ, ഒക്കെ B- tech, അല്ലെങ്കിൽ MCA കഴിഞ്ഞവർ!
പത്താം ക്‌ളാസും ഗുസ്തിയും കഴിഞ്ഞു ഗൾഫിൽ പോയി അഞ്ചോ പത്തോ വർഷം കഴിഞ്ഞു പ്രാരബ്ധങ്ങൾ ഒഴിഞ്ഞു മുപ്പത്തൊന്നാം വയസ്സിൽ ഇനിയൊരു പെണ്ണ്കെട്ടിക്കളയാം എന്ന് കരുതി പെണ്ണുകാണാൻ ഇറങ്ങിയവരെ ബ്രോക്കർ കാണിച്ചത് 28 കഴിഞ്ഞ, ആരും കെട്ടാതെ ഒഴിഞ്ഞുപോയ ചിലരെയും!

31ലും 18 വയസ്സുകാരിയെകെട്ടിയ അമ്മാവന്റെ അനന്തിരവൻ സ്വപ്നം കണ്ടതും 18 വയസ്സുകാരിയെയായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം! കാലം മാറിയിരുന്നു. B - tech കാരിക്ക് കൂടെ പഠിച്ച പയ്യൻ മതി വരനായിട്ട്. അതല്ലെങ്കിൽ രണ്ടോ, കൂടിയാൽ മൂന്നോ വയസ്സിനു മാത്രം മൂപ്പുള്ളവരെ.

പ്ലംബർ, ഡ്രൈവർ, കച്ചവടക്കാർ, തുടങ്ങിയവരൊക്കെ ചായകുടിച്ചു പുറത്തിറങ്ങി പെൺവീട്ടുകാർ പറയുന്ന "ഇപ്പൊ പെണ്ണിനെ അയക്കുന്നില്ല " എന്ന സ്ഥിരം പല്ലവിയും കേട്ട് വന്നപോലെ തിരിച്ചുപോയി.. പകരം പല പെൺവീട്ടുകാരും കാത്തിരുന്നത് ഗവെർമെന്റ് ജീവനക്കാരെ.. അഥവാ ചെക്കന് എന്തെങ്കിലും സംഭവിച്ചാലും ആ ജോലി, അല്ലെങ്കിൽ പെൻഷൻ, തന്റെ മകൾക്കു കിട്ടും എന്ന ഉറപ്പ് ആദ്യമേ ചോദിച്ചറിഞ്ഞവരും ഏറെ!

ഇപ്പോൾ കണ്ണൂർജില്ലയിൽ 30 കഴിഞ്ഞ, നാൽപ്പതു കഴിഞ്ഞ ചെറുപ്പക്കാർ പെണ്ണ് കിട്ടാതെ നട്ടംതിരിയുകയാണ്.. ഇതിനിടയിൽ ലോട്ടറി അടിച്ചപോലെയാണ് സർക്കാർ ജീവനക്കാരും ബാംഗ്ലൂർ അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലെ, അല്ലെങ്കിൽ സിംഗപ്പൂർ, അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലെ ടെക്കികളും. ആഗ്രഹിച്ച പെണ്ണിനെ അവർക്കു കിട്ടുന്നു. മറ്റുള്ളവർ നോക്കി നിൽക്കുന്നു. കൃഷിപ്പണി ചെയ്യുന്നവരുടെ കാര്യം ഇതിലേറെ കഷ്ടം.

പണ്ട് എല്ലാ പെൺകുട്ടികളും BA പാസ്സായവർ ആയിരുന്നു എങ്കിൽ ഇന്ന് എല്ലാവരും B tech കഴിഞ്ഞവർ. അപ്പോൾ പറക്കമുറ്റിയമുതൽ ഗള്ഫിലോ നാട്ടിലോ കഷ്ടപ്പെട്ടു വേണ്ടപ്പെട്ടവർക്കൊക്കെ ജീവിതമുണ്ടാക്കികൊടുത്ത ശേഷം തന്റെ ഭാവിയെപറ്റി ചിന്തിക്കാൻ തുടങ്ങിയവർ ഇനി എന്ത് ചെയ്യും? സ്വന്തം നാടിനെ സ്നേഹിച്ചു, മണ്ണിന്റെ മണമറിഞ്ഞു നാട്ടിൽ ജീവിച്ചവരോ ?
പലർക്കും അതിന് ഉത്തരമില്ല..

പെണ്ണിന് 18 ആവുന്നതു മുതൽ കല്ല്യാണആലോചനകൾ തുടങ്ങുന്ന അമ്മമാർ പലരും പെണ്മക്കളുടെ മക്കൾക്കു കല്ല്യാണാലോചന തുടങ്ങിയാലും സ്വന്തം മകനെ കല്ല്യാണം കഴിപ്പിക്കാൻ ശ്രമിച്ചിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടകാര്യമാണ്.. മറ്റൊരു വീട്ടിലെ പെണ്ണിനെ ഉൾക്കൊള്ളാനുള്ള വിശാലമനസ്കത പലർക്കും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.

പിന്നെ, ചിലർ കാലങ്ങളോളം കറവപ്പശുക്കൾ ആയിരിക്കുമല്ലോ!

ഇപ്പോൾ ആൺമക്കളുടെ രക്ഷിതാക്കൾ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായിട്ടുണ്ടാവാം.

പക്ഷേ പെണ്മക്കളുടെ അച്ഛനമ്മമാർ മാറിപ്പോയി! പെൺകുട്ടികളും ഏറെ മാറി.

* ഈ എഴുതിയതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. മറ്റു സമുദായങ്ങളുടെ കാര്യം അറിയില്ല എങ്കിലും ഹിന്ദു സമുദായത്തിൽ ഏറെകുറെ ഇങ്ങനെയൊക്കെ ആണ് ഇപ്പോഴത്തെ അവസ്ഥകൾ. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹമുണ്ട്.

********************

  (ബാംഗ്ലൂർ ജാലകത്തിൽ ഓണപ്പതിപ്പിൽവന്ന ലേഖനം.)

7/19/16

ഋതുഭേദങ്ങൾ


                                                                                       കഥ: അനിത പ്രേംകുമാർ

ഒരിക്കൽ ചില കൊച്ചു വർത്തമാനങ്ങൾക്കിടയിൽ
ഭൂമി സൂര്യനോട് ചോദിച്ചു.


"എനിക്കെന്നാണ്
സ്വാതന്ത്ര്യം കിട്ടുക?
കുറെ നാളായില്ലേ ഞാനിങ്ങനെ നിന്നെ പ്രദക്ഷിണം ചെയ്യാൻ തുടങ്ങിയിട്ട്! "

കേട്ടപ്പോ സൂര്യന് ദേഷ്യം വന്നു.. പൊതുവെ ചുമന്നു തുടുത്ത അദ്ദേഹത്തിന്റെ മുഖം കോപത്താൽ കറുത്തിരുളാൻ തുടങ്ങി..

ഭൂമിയിലെ ജനങ്ങളായ ജനങ്ങളൊക്കെ പിറുപിറുത്തു.
" എന്തൊരു കുമർച്ചയാണ്! ഈ സൂര്യനിതെന്തു പറ്റി? അദ്ദേഹത്തിന് പതിവുപോലെ ഒന്നു നിറഞ്ഞു പ്രകാശിച്ചാലെന്താ? അതല്ലെങ്കിൽ മഴ പെയ്യണം. അതും ഇല്ല.. നാശം!"

ഭൂമി വിടാൻ തയ്യാറായില്ല.
അവൾ പിന്നെയും പറഞ്ഞു.

" എന്റെ ചോദ്യത്തിന് ഉത്തരമൊന്നും പറഞ്ഞില്ല!"

സൂര്യന്റെ കണ്ണുകൾ കത്തി ജ്വലിച്ചു. ആകാശത്തു മിന്നൽ പിണറുകളായി അവ മാറി...എന്നിട്ടവൻ അട്ടഹസിച്ചുകൊണ്ടു പറഞ്ഞു. (അത് നമുക്ക് ഇടിമുഴക്കങ്ങളും ആയി ...)

" ഞാൻ ചത്ത ശേഷം"

വൈധവ്യം സ്വാതന്ത്ര്യമോ?
ഭൂമി ഭയന്നു വിറയ്ക്കാൻ തുടങ്ങി.

കോപം അല്പമൊന്ന് തണുത്തപ്പോൾ സൂര്യൻ ഭൂമിയോട് ചോദിച്ചു.

" നിന്നോട് ഞാൻ പറഞ്ഞിരുന്നോ എന്നെ ഇങ്ങനെ നിർത്താതെ പ്രദക്ഷിണം വയ്ക്കാൻ?

"ഇല്ല "

"പിന്നെ?"

"അത്.. അത്, ഞാൻ പോലുമറിയാതെ എന്നോ തുടങ്ങിയാണ്"

"എന്തിന് ? സ്വയം ഒന്ന് ആലോചിച്ചു നോക്കൂ"

അല്പമൊന്നു ആലോചിച്ച ശേഷം ഭൂമി പറഞ്ഞു.

"എന്നിൽ ഋതുക്കൾ ഉണ്ടാവാൻ"

"പിന്നെ?"

"പിന്നെ, എന്നിൽ ജീവൻ നില നിർത്താൻ"

"പിന്നെ?"

" പിന്നെ, എന്റെ പ്രണയം നിന്നോട് മാത്രമായിരുന്നു"

" ശരി...ഇതിൽ എനിക്കെന്താണ് ചെയ്യാൻ കഴിയുക?"

അതു കേട്ടപ്പോൾ ഭൂമി സ്തബ്ധയായിപ്പോയി..

ശരിയാണല്ലോ! താൻ ഇത്രനാളും അവനുവേണ്ടിയാണ് ചെയ്യുന്നത് എന്നുകരുതിയതൊക്കെ തനിക്കു വേണ്ടി തന്നെയാണ് ചെയ്തിരുന്നത് എന്നോർത്തപ്പോൾ, അതിനു അവനെ കുറ്റപ്പെടുത്തിയതോർത്തപ്പോൾ, അവൾക്കു സങ്കടം തോന്നി..

അവൾ സൂര്യനോട് ക്ഷമ ചോദിച്ചു.

അവളുടെ സങ്കടം കണ്ടപ്പോൾ, അവൾക്കു തന്നോടുള്ള പ്രണയമോർത്തപ്പോൾ സൂര്യന്റെ കണ്ണു നിറഞ്ഞു..കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി..
അതു മുഴുവനും മഴയായി ഭൂമിയിൽ വന്നു പതിച്ചു..

ഭൂമി ഹർഷ പുളകിതയായി, നമ്ര ശിരസ്കയായി.

അപ്പോൾ സൂര്യൻ കളിയായി അവളുടെ കാതുകളിൽ മന്ദ്രിച്ചു..

" നിന്നെ ആ ചന്ദ്രൻ പ്രണയ പരവശനായി പ്രദക്ഷിണം വയ്ക്കുന്നത് ഞാൻ കാണാറുണ്ട്ട്ടോ.നിനക്ക് അവനോട് പ്രണയം തോന്നിയിട്ടില്ലേ?"

നാണത്താൽ കുതിർന്ന മുഖത്തോടെ അവൾ മൊഴിഞ്ഞു.

"എന്റെ പ്രണയം അന്നും ഇന്നും നിന്നോട് മാത്രം.. എന്നെ അറിഞ്ഞത് നീ ഒരാൾ മാത്രം"

പിന്നെ അവർ വീണ്ടും ഒന്നായി...
ജീവന്റെ പുതിയനാമ്പുകൾ അവളുടെ ഉദരത്തിൽ അങ്കുരിച്ചു..
നിങ്ങളും അറിഞ്ഞില്ലേ, ഭൂമീദേവി വീണ്ടും പുഷ്പിണിയാവാൻ തയ്യാറെടുക്കുന്നതു?

***********************

1/8/16

ഭൂമിയുടെ അവകാശികൾ


പാമ്പ് നമ്മെ കടിക്കാതിരിക്കാൻ
തിരിഞ്ഞു നിന്ന് കടിക്കുമോ നമ്മൾ ?

ഓന്നുകിലൊഴിവാക്കി തിരിഞ്ഞു നടക്കും
അല്ലെങ്കിൽ വടിയാലടിച്ചു കൊല്ലും

പാമ്പിനെ പാമ്പിന്റെ വഴിക്ക് വിടുക
വിഷദന്തം നമുക്കില്ലവയ്ക്കുണ്ട്

തിരിഞ്ഞു കടിച്ചിട്ട് കാര്യമില്ല
തിരിച്ചു കിട്ടാത്ത ജീവനല്ലേ ?

ജീവിതയാത്രയിലുടനീളം കാണാം
വിഷമുള്ള കരിമൂർഖനണലികളെ

അടിച്ചുകൊല്ലാനെളുപ്പമാണ്
വേണ്ട, അവരുമീ ഭൂമിക്കവകാശികൾ

---------------------------------
അനിത പ്രേംകുമാർ

നീയേത്, ഞാനേത്


ഫ്രിഡ്ജിൽ നിന്നും
പുറത്തു ചാടിയ
രണ്ടയിസ്‌
കഷണങ്ങൾ

പൊട്ടിച്ചിരിച്ചു
കെട്ടി മറഞ്ഞു
തുള്ളിക്കളിച്ചു
ചിരിച്ചു രസിച്ചു

പിന്നവർ പരസ്പര
മലിഞ്ഞു ചേര്ന്നു
ഒരിത്തിരി വെള്ളം
ബാക്കിയുമായി

വെള്ളമായ് മാറിയോർ
പരസ്പരം ചോദിച്ചു
ഇതിൽ നീയേത്?
ഞാനേത്?

കണ്ടെത്തിയ ഉത്തരം

ഇനി നീയില്ല,
ഞാനില്ല,
നമ്മൾ മാത്രം!

*******************
അനിത പ്രേംകുമാർ

സമൂഹംസമൂഹം 


ഒരല്പം
ബുദ്ധിയില്ലായ്മ
പെണ്ണിനൊരു
അലങ്കാരമാണ്

ഒരല്പം
ബുദ്ധി കൂടുതല്‍
ആണിനും
അലങ്കാരം

എങ്ങാനുമിതൊന്നു
തിരിഞ്ഞു പോയാല്‍
രണ്ടാളും നന്നായി
അഭിനയിക്കണം

പെണ്ണോ, ബുദ്ധി
കുറവെന്നും,

ആണോ, അത്
കൂടുതലെന്നും

*****************

കവിത: അനിത പ്രേംകുമാര്‍

കണ്ണാടി


എന്നും പരസ്പരം
കാണുന്നു ഞങ്ങൾ
കാണുമ്പോഴൊക്കെ
ചിരിക്കുന്നു ഞാനും

വശ്യമായ്, സ്നേഹമായ്
പുഞ്ചിരിക്കും പിന്നെ
കോപ്രായമോരോന്നു
കാട്ടുമവളെ

നീയെത്ര സുന്ദരി
എന്നൊരു വാക്കിനാൽ
ഉള്ളം കുളിർപ്പിക്കു
മെന്നാശ വച്ചു ഞാൻ

അന്നും പറഞ്ഞില്ല
ഇന്നും പറഞ്ഞില്ല
എന്മുഖം ചന്തമെ
ന്നോതിയില്ല!

എന്നിട്ടുമിന്നും ഞാൻ
നിത്യവും ചെല്ലുന്നു
ഏങ്ങാനുമവളത്
ചൊന്നെങ്കിലൊ!

മാനസാന്തരം വന്നു
മാറിയാലോ, അവൾ!
മനസ്താപമെങ്ങാനും
മാറ്റിയാലോ !

******************

സ്ത്രീ
സ്ത്രീ
---------
അവൾക്ക്
അണിയറ 
മതിയായിരുന്നു

അരങ്ങത്തേയ്‌ക്കവളെ
പിടിച്ചിട്ടപ്പോഴും
സ്വയമേവ
വന്നണഞ്ഞപ്പോഴും
പാടുപെടുകയായിരുന്നവൾ
അന്നും, ഇന്നും.

അണിയറയിൽ
നിങ്ങളെയൊരുക്കി
സംഭാഷണങ്ങൾ
പഠിപ്പിച്ചു
അരങ്ങിൽനിങ്ങൾക്ക്
തെറ്റുമ്പോൾ
ഉന്തുന്തു ന്തുന്തുന്തു
ന്താളെയുന്ത്
എന്ന് പറഞ്ഞു നിങ്ങളെ
വിജയത്തിലേറ്റുക

അതായിരുന്നെവളുടെ
ജീവിത ലക്ഷ്യം.

ഇന്ന് ,
അരങ്ങിൽ
നിറഞ്ഞാടുന്നു
എന്ന് മറ്റുള്ളോർക്ക്
തോന്നുമ്പോഴും

നഷ്ടപ്പെട്ട
അണിയറയുടെ
സ്വകാര്യത തേടുന്നു,
അവളും,
അവളുടെ ചിന്തകളും
പിന്നക്ഷരങ്ങളും

നിയോഗം
അവിടെയായിരുന്നു
അരങ്ങത്തായിരുന്നില്ല

തളരുന്നവൾ
എന്നിട്ടും
തുടരുന്നവൾ

അണിയറ ജോലിക്ക്
കൂലിയില്ല!
അത് ചെയ്യുന്ന പെണ്ണിന്
പേരുമില്ല!
-----------------------------
അനിത പ്രേംകുമാർ

ചില മുത്തശ്ശിക്കഥകൾ


രാവിലെ എഴുന്നേറ്റാൽ പെണ്‍കുട്ടികൾ വീടും മുറ്റവും ഒക്കെ അടിച്ചു വാരി വൃത്തിയാക്കണം എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"എന്താ മുത്തശ്ശീ ഏട്ടൻ അടിച്ചു വാരിയാൽ?"
അതൊക്കെ പെണ്‍കുട്ട്യോൾ ചെയ്യേണ്ട പണിയല്ലേ?
അതെന്താ ആണ്കുട്ട്യോൾ ചെയ്‌താൽ?
മോളെ, അടിച്ചു വാരി ക്കഴിഞ്ഞു മുറ്റത്തോട്ടൊന്നു നോക്ക്യേ. എന്നിട്ട് മനസ്സിലൊട്ടും.
മുറ്റം വൃത്തിയായ പോലെ മനസ്സും വൃത്തിയായതു കാണാം. ദുഷ്ചിന്തകളൊക്കെ ഒഴിഞ്ഞു പോകും.
അപ്പോ ഏട്ടന്റെ മനസ്സ് അങ്ങനെ വൃത്തിയാവണ്ടേ മുത്തശ്ശി?
ആങ്കുട്ട്യോള് എപ്പോം ഫ്രഷ്‌ ആയിരിക്കും. അവര് കേട്ട കാര്യോ, കണ്ട കാര്യോം ഒന്നും നമ്മളെ പ്പോലെ ഏതു നേരവും മനസ്സിലിട്ടു നടക്കൂല. ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ അപ്പപ്പോ മറക്കും.
എന്നാൽ, അല്പം വലുതാണ്‌ എങ്കിലോ , മരണം വരെ കൊണ്ട് നടക്കുകയും ചെയ്യും. അതിനു ഈ ചൂല് കൊണ്ടൊന്നും ഒന്നും ചെയ്യാനും പറ്റില്ല.
ആണോ?
എന്തായാലും ഇത് പണ്ടത്തെ കാര്യം.
ഇപ്പോഴത്തെ ആണ്‍കുട്ടികൾ പെണ്‍കുട്ടികളെപ്പോലെ തന്നെ യായിട്ടുണ്ടോ സ്വഭാവം എന്നറിയില്ല. ഉണ്ടെങ്കിൽ അവർക്കും ബാധകം.
പിന്നെ, പെണ്‍കുട്ടികൾ ഇന്ന് ആണ്‍കുട്ടികളെക്കാൾ നന്നായി പുറത്തു ജോലി ചെയ്തുകൂടി തുടങ്ങിയപ്പോ ഇതിനൊക്കെ അവര്ക്കും നേരമില്ലാതായി.
ഞാനെന്തായാലും ഇറയവും മുറ്റവും ഒക്കെ ഒന്ന് തൂത്തുവാരി വൃത്തിയാക്കട്ടെ...
ഇന്നലെ പെയ്ത മഴയ്ക്കും കാറ്റിലും പെട്ട് മുറ്റം നിറയെ കരിയിലകളാന്നെ..
**************************

കല്ല്യാണക്കടങ്ങള്‍

എനിക്ക് നേരിട്ടറിയുന്ന ഒരു പെണ്‍കുട്ടി.
അവളോടു അവളുടെ അച്ഛന്‍ എപ്പോഴും പറയുമായിരുന്നു, അവള്‍‍ അച്ഛന്റെ രാജകുമാരി ആണ് എന്ന്. എന്നിട്ടും തിരിച്ചടക്കാന്‍ പറ്റും എന്ന രീതിയിലുള്ള കടങ്ങള്‍ എടുത്തു പൂര്‍ത്തിയാക്കി ക്കൊണ്ടിരുന്ന വീടിന്റെ പണി കഴിയുന്നതിനു മുന്നേ കല്ല്യാണം ഉറച്ചപ്പോള്‍ ആകെ അങ്കലാപ്പായി.
അന്ന് 22 വയസ്സുണ്ടായിരുന്ന അവള്‍‍ അച്ഛനോട് പറഞ്ഞത്, എനിക്ക് സ്വര്‍ണ്ണം ഒന്നും വേണ്ട, അച്ഛന്‍ അതിനു വേണ്ടി ഇനി കടമെടുക്കണ്ട എന്ന്. സത്യത്തില്‍ അന്നൊന്നും അവള്‍ ‍ അറിഞ്ഞിരുന്നില്ല, ശ്രദ്ധിച്ചിരുന്നില്ല, എല്ലാ പെണ്‍കുട്ടികളും പൊന്നില്‍ മുങ്ങിയാണ് കല്ല്യാണം കഴിക്കുക, ഇല്ലെങ്കില്‍ കാഴ്ചക്കാര്‍ക്കും അത് ബോറാകും എന്ന്. അവളുടെ അമ്മയൊട്ട് പറഞ്ഞുമില്ല.
ഇനി അറിഞ്ഞിരുന്നെങ്കിലോ, തല്‍ക്കാലം കല്ല്യാണം വേണ്ടെന്നു വയ്ക്കുമായിരുന്നു.
അതുകൊണ്ട് തന്നെ പേരിനു സ്വര്‍ണ്ണവും അണിഞ്ഞു മുഖം നിറയെ ചിരിയുമായി കല്ല്യാണം നടന്നു... പിന്നീട് അതില്‍ അവള്‍ക്കു ഇത്തിരി വിഷമം തോന്നിയത്രെ... (അവളുടെ ഭര്‍ത്താവിനു അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. പക്ഷെ ആര്‍ക്കെങ്കിലും ഒക്കെ വിഷമമായിട്ടുണ്ടാകും എന്നോര്‍ത്ത്..)
എന്തായാലും ഏതൊരാവശ്യത്തിനും അവർ ഇപ്പോഴും എപ്പോഴും കൂടെയുണ്ട്.
മാതാപിതാക്കള്‍ തങ്ങളുടെ കഴിവിനനുസരിച്ച് മാത്രം സ്വര്‍ണ്ണം കൊടുത്തിരുന്ന രീതിയൊക്കെ ഇപ്പോള്‍ മാറി
ഇന്നത്തെ നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് മിക്കവാറും എല്ലാ ആളുകളും മക്കളുടെ കല്യാണത്തിന് തന്നെ കൊണ്ട് കഴിയുന്നത് മുഴുവന്‍ ഉണ്ടാക്കിയാലും , അത് പകുതിയേ ആകുന്നുള്ളൂ....ബാക്കി പകുതി അവര്‍ ലോണ്‍ എടുത്തും ഉണ്ടാക്കുന്നു... എന്നിട്ട് ആ കടം വീട്ടാന്‍ ബാക്കിയുള്ള ജീവിതകാലം മുഴുവനും കഴുതയെക്കാള്‍ കഷ്ടപ്പെടുന്നു.
സ്ത്രീധനം പേരിനു പോലും ഇല്ലാത്ത, ചോദിക്കുകയോ, പറയുകയോ ചെയ്യാത്ത ഞങ്ങളുടെ കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ പൊന്നില്‍ പൊതിഞ്ഞാണ് പെണ്‍കുട്ടികള്‍ കല്യാണ പന്തലില്‍ എത്തുന്നത്. അരക്കിലോ, ഒരുകിലോ , ഒന്നരക്കിലോഎന്ന രീതിയില്‍ ആണത്രേ കണക്ക്. ശരീരത്തില്‍ കൊള്ളാഞ്ഞത് പെട്ടിയില്‍ ആക്കിയാണ് കൊണ്ടുപോയത് എന്ന രീതിയിലും പറയുന്നത് കേട്ടു.
നാട്ടുകാരെ കാണിക്കുക, അല്ലെങ്കില്‍ കേള്‍പ്പിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.
ഇതിനു മുന്നില്‍ ഉണ്ടാവുക പൊങ്ങച്ചം മുഖ മുദ്രയാക്കിയ സ്ത്രീകളായിരിക്കും.
പിന്നില്‍, ഗള്‍ഫില്‍, അല്ലെങ്കില്‍ അന്യ നാട്ടില്‍ കിടന്നു കഷ്ടപ്പെടുന്ന അച്ഛന്‍, അമ്മാവന്‍ തുടങ്ങിയ പുരുഷന്മാരും . അവര്‍ക്ക് വോയിസ്‌ ഇല്ല, സ്നേഹത്തിനു വേണ്ടി, സമാധാനത്തിനു വേണ്ടി അവര്‍ നിശ്ശബ്ദരായി നില്‍ക്കുന്നു .അതിന്‍റെ ബാക്കി പത്രമായി പലരും തിരിച്ചുവരാന്‍ ഒരിക്കലും കഴിയാതെ ഗള്‍ഫില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.
എന്നാല്‍ രവിപിള്ള തന്‍റെ മകള്‍ക്ക് കൊടുക്കുന്ന വജ്രാഭരണത്തില്‍ തൃപ്തി പോരാഞ്ഞിട്ട് ലോണിനു അപ്ലൈ ചെയ്തതായി ആരും പറഞ്ഞു കേട്ടില്ല. അതിന്‍റെ പേരില്‍ അദേഹത്തിന്റെ ഇനിയുള്ള ജീവിതം കഴുതയെ പ്പോലെ പണിയെടുക്കേണ്ടിയും വരുന്നില്ല. പിന്നെ എന്താണ് നമ്മുടെ പ്രശ്നം?
രാജാവിന്‍റെ മകള്‍ രാജകുമാരി തന്നെയാണല്ലോ!i

പ്രസവിക്കാൻ പെണ്ണിനെ കഴിയൂ


ഒരിക്കൽ ഒരു രാജാവ് തന്റെ സ്നേഹിതനോടൊപ്പം ചതുരംഗം (ഇന്നത്തെ ചെസ്സ്‌ ) കളിക്കുകയായിരുന്നു.
അകത്ത് തന്റെ കുഞ്ഞിനെ നോക്കുന്നതിനോടൊപ്പം പുറത്തെകളിയും വീക്ഷിച്ചിരുന്ന ഭാര്യ പെട്ടെന്നാണ് ആ സത്യം മനസ്സിലാക്കിയത്.
അതെ, കളിയിൽ തന്റെ പ്രിയപ്പെട്ടവൻ തോൽക്കാൻ തയ്യാറായി നിൽക്കുന്നു. അദ്ദേഹത്തിന്റെ ചതുരംഗപ്പടയിലെ രാജാവിനെ മറുപക്ഷം ഇനി നീങ്ങാൻ പറ്റാത്ത വിധം കുടുക്കിയിരിക്കുന്നു. ഇനി തോൽവി സമ്മതിക്കുകയല്ലാതെ വേറെ മാർഗമില്ല. ആകെ തകർന്നിരിക്കുകയാണ് അദ്ദേഹം.
അപ്പോഴാണ്‌ മഹാറാണി മറ്റൊരു കാര്യം കണ്ടുപിടിച്ചത്. മഹാരാജാവ് ശ്രദ്ധിക്കാതിരുന്ന ഒരു ചെറിയ, എന്നാൽ വലിയ ഒരു കാര്യം. എന്താണ് എന്നല്ലേ?
വെറുമൊരു കാലാളിനെ നീക്കിയാൽ രാജാവിന് ഈ പ്രതിസന്ധിയിൽ നിന്നും കരകയാറാം. കളി വീണ്ടും തുടരാം. ഒരു പക്ഷേ കളിയിൽ പിന്നീട് വിജയം വരിക്കാം.
പക്ഷെ, കളിയിൽ പങ്കെടുക്കാത്ത താൻ എങ്ങനെ അത് പറയും? അതിനും അവർ ഒരു സൂത്രം കണ്ടുപിടിച്ചു.
കുഞ്ഞിനെ താരാട്ട് പാടിക്കൊണ്ടിരുന്ന അവർ അതിലെ വരികൾ ഒന്ന് മാറ്റിപ്പിടിച്ചു. എന്നിട്ട് ഈണത്തിൽ ഇങ്ങനെ പാടി.
" ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തുന്തുന്ത്
ഉന്തുന്തു ന്തുന്തുന്തു
ന്താളെയുന്ത് "
അവർ പാടിയത് സ്നേഹിതൻ ശ്രദ്ധിച്ചില്ലെങ്കിലും രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം കാലാളിനെ നീക്കുകയും കളിയിൽ അവസാനം വിജയം കൈ വരിക്കുകയും ചെയ്തു.
യഥാർത്ഥത്തിൽ ഇതാണ് പത്നീ ധർമ്മം. അവൾ എപ്പോഴും അരങ്ങത്ത് ഉണ്ടാവണം എന്നില്ല. എങ്കിലും അയാളുടെ വിജയങ്ങൾക്ക് പിന്നിൽ അവർ ഉണ്ടാവാം. ഒരുപക്ഷേ ലോകത്തോട് അതാരും വിളിച്ചു പറയാത്തതുകൊണ്ട് അവർ എവിടെയും അറിയപ്പെടുന്നുണ്ടാവില്ല എന്ന് മാത്രം.
എന്ന് മുതലായിരിക്കും സ്ത്രീകൾ വീട്ടുജോലികൾക്ക് പുറമേ പുറത്തും ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ടാവുക? അവന്റെ മാത്രം വരുമാനം കൊണ്ട് കുടുംബം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോഴാകാം.
അല്ലെങ്കിൽ അവനോളമോ, അതിലേറെയോ വിദ്യാഭ്യാസം നേടിയപ്പോൾ ആ വിദ്യ പാഴായിപ്പോകാതിരിക്കാൻ ആവാം.
കാരണം എന്ത് തന്നെ ആയാലും ആണിനോനോടൊപ്പം തന്നെ പുറത്തുപോയി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ അവൾ കുറച്ചുകൂടി ആത്മാഭിമാനം ഉള്ളവളായി എന്നത് സമ്മതിക്കാതെ വയ്യ. അതിനു കാരണം കൈയ്യിൽ പണം വരുന്നു, തന്റെ വാക്കുകൾക്കു മറ്റുള്ളവർ വില കല്പ്പിക്കുന്നു എന്നതും ആവാം.
അപ്പോഴും വീട്ടുജോലികൾ മുഴുവനും, കൂടെ കുഞ്ഞുങ്ങളെ പ്രസവിക്കൽ, നന്നായിവളർത്തൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളും അവൾ പരാതികൾ പറഞ്ഞും പറയാതെയും ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അവൻ ചെയ്യുന്നതിന്റെ ഇരട്ടിയോളം ജോലികൾ!
അപ്പോഴും നമ്മൾ പറഞ്ഞുകൊണ്ടിരുന്നു. "അവൾ പെണ്ണല്ലേ അവളെ ഇതിനൊന്നും കൊള്ളില്ല. ഇതൊക്കെ പുരുഷന്മാര്ക്ക് മാത്രം പറഞ്ഞിട്ടുള്ള ജോലികൾ ആണ്. അവൾ വീടും കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ഇരുന്നാൽ മതി " എന്ന്.
അവൾ അതിനും തയ്യാറായിരുന്നു. വീട്ടു ജോലികൾ, കുഞ്ഞുങ്ങളെ പ്രസവിക്കലും വളർത്തലും, ഒക്കെ പുരുഷൻ ചെയ്യുന്ന, വരുമാനം ഉണ്ടാക്കുന്നജോലികൾ പോലെ തന്നെ മികച്ച ജോലികൾ ആയി സമൂഹം അംഗീകരിച്ചിരുന്നു എങ്കിൽ.
ചെയ്യുന്ന ജോലി വരുമാനം ഇല്ലാത്തതായത്കൊണ്ട്, അവൾ കൈനീട്ടാതെ തന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് അവൾക്കു പകുത്തു കൊടുത്തിരുന്നു എങ്കിൽ.
ഇതൊന്നും നടക്കാത്തതുകൊണ്ടുതന്നെ, അണിയറയിൽ മാത്രമല്ല, അരങ്ങത്തും അവൾ ഉണ്ടാവും.
*******************************
അനിത പ്രേംകുമാർ

പെരുമഴക്കാലം

പ്രണയം,
തോരാതെ പെയ്യുന്ന
മഴയാണ്

 
കാറ്റിലുലയുന്ന
വന്മരച്ചില്ലയില്‍
തുള്ളിക്കൊരുകുടം
പെയ്യുന്ന മഴയിലും
കൊക്കോടു കൊക്കുരുമ്മി
മെയ്യോടു മെയ്ചേര്‍ത്ത്
പ്രണയമഴ നനയുമ്പോള്‍,

അധികം നനയണ്ട
തണുപ്പ് പിടിച്ചിടും
എന്ന് നീ പറയുമ്പോഴും
നനയാതിരിക്കുന്നതെങ്ങനെ?

പുതുമഴനനയാന്‍
നീയെന്നെ വിട്ടില്ല

പ്രണയം തോരാതെ
പെയ്യുന്ന മഴയെന്ന്,
അതിലൊന്നു നനയുക
സുഖമെന്ന്
പുതുമഴ വന്നപ്പോ
ളറിഞ്ഞില്ല നീ,

വാക്കാലെ ചൊന്നതു
കേട്ടില്ലനീ.

ചുറ്റും തിമര്‍ത്തു
പെയ്യുന്ന മഴയില്‍
ആലിപ്പഴങ്ങള്‍
പൊഴിയുന്ന മഴയില്‍
നമുക്ക് നമ്മെ
മറന്നൊന്നു പാടാം
കയ്യോടു കൈ ചേര്‍ത്ത്
നൃത്തവുമാടാം

പ്രണയം,
തോരാതെ പെയ്യുന്ന
മഴയാണ്

അത് തോര്‍ന്നെന്നാല്‍
നമ്മളും തീര്‍ന്നിടൂലെ!

***********************


അനിത പ്രേംകുമാര്‍

9/2/15

ഗായത്രി, ഫുട്പാത്ത്, നെലമങ്ങല

ഇത് ഒരു സംഭവ കഥയാണ്‌. കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എന്നാലും കഥകള്‍ പറയാനുള്ളതാണല്ലോ.
ATM കാര്‍ഡും പണവും DOCUMENTS ഉം അടങ്ങിയ പര്‍സ് തട്ടിയെടുത്തു, അര ലക്ഷത്തോളം രൂപ കവര്‍ന്ന സ്ത്രീയെ രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ട് ഞങ്ങള്‍ കൈയ്യോടെ പിടിച്ചു കൊടുത്തിട്ടും പോലീസ് ചെയ്തത് ഇങ്ങനെ. സമയമുണ്ടെങ്കില്‍ ഒന്ന് വായിച്ചു നോക്കൂ..

 ഗായത്രി, ഫുട്പാത്ത്, നെലമങ്ങല

2010 ജൂലൈ 10.

ഒരു ശനിയാഴ്ച . ഞാനും അനിയത്തിയും ചേർന്ന് ഡേ കെയർ നടത്തുന്ന സമയം. ബാക്കിയുള്ള ദിവസങ്ങളില്‍ രാത്രി 7.30 ഒക്കെ കഴിയുമെങ്കിലും ശനിയാഴ്ചകളില്‍ ഞങ്ങള്‍ ഡേ കെയര്‍ നാല് മണിക്ക് അടയ്ക്കും . അതുകൊണ്ട് തന്നെ അന്ന് ആയമാരും മറ്റുള്ള ജോലിക്കാരും ഒക്കെ നല്ല സന്തോഷത്തില്‍ ആവും. രക്ഷിതാക്കളും അന്നൊരു ദിവസം വേഗം വന്നു കുട്ടികളെ കൊണ്ടുപോകും. പ്രീ സ്കൂള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമേ ഉള്ളൂ.
സെന്റര്‍ അടച്ചു വീട്ടില്‍ വന്നപ്പോള്‍ മോള്‍ക്ക് സ്കൂള്‍ ബാഗ്‌ വാങ്ങാന്‍ മത്തിക്കെരെ പോണം.ടു വീലറില്‍ വേണ്ട, നമുക്ക് ബസ്സിനു പോകാം, എന്ന് പറഞ്ഞപ്പോള്‍ അവളും സമ്മതിച്ചു. ബാഗ്‌ ഒക്കെ വാങ്ങി ഒറ്റ ഒരു സ്റ്റോപ്പ്‌ മാത്രം ദൂരെയുള്ള ഗോകുലയില്‍ ബസ് ഇറങ്ങി വീട്ടില്‍ എത്തിയപ്പോള്‍ ആണ് ഒരു നൂറു രൂപ കൈയ്യില്‍ ഉണ്ടാകുമോ എന്ന് ഭര്ത്താവ് ചോദിച്ചത്. അതെടുക്കാന്‍ ബാഗില്‍ പര്‍സ് നോക്കിയപ്പോള്‍ കാണാനില്ല. എവിടെപ്പോയി? അവസാനം കയറിയ കടയില്‍ നിന്നും തിരിച്ചിറങ്ങിയപ്പോള്‍ തിരികെ ബാഗില്‍ വച്ചത് നന്നായി ഓര്‍ക്കുന്നു. ഇത്ര കുറച്ചു സമയം കൊണ്ട് അതെവിടെ പോകാനാ?
നിറയെ കള്ളികള്‍ ഉള്ള, പൊതുവേ പുരുഷന്മാര്‍ ഉപയോഗിക്കുന്ന ആ പര്സില്‍ എ.ടി.എം കാര്‍ഡുകളും ക്രെഡിറ്റ്‌ കാര്‍ഡുകളും ഡേ കെയറില്‍ ഉപയോഗിക്കുന്ന ഒമ്നി വാനിന്റെ ആര്‍.സി. കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സ്ന്‍റെ കോപ്പി യും പ്രിയപ്പെട്ടവരുടെ കുറച്ചു പാസ് പോര്‍ട്ട്‌ ഫോട്ടോ കളും പിന്നെ എനിക്ക് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിഷുവിനു കൈ നീട്ടം കിട്ടിയ മടക്കാത്ത, ഒരു രൂപാ നോട്ടുകളില്‍ ബാക്കി വന്ന ല ചിലതും ( അത് ഒരു വലിയ സമ്പാദ്യം പോലെ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു ) അടക്കം പലതും ഉണ്ടായിരുന്നു. അതല്ലാതെ പണമായി വളരെ കുറച്ച് രൂപയും. ചുരുക്കി പറഞ്ഞാൽ എന്റെ മൊത്തം സമ്പാദ്യം അതിനകത്തായിരുന്നു.
ഏയ്‌... എവിടെയും പോകില്ല എന്നുംപറഞ്ഞു ഞാന്‍ പരതുമ്പോള്‍ ഏട്ടന്‍ പറഞ്ഞു. "നീ ഇനി പരതണ്ട. അത് പോക്കറ്റടിച്ചിരിക്കുന്നു. ഇനി വേണ്ടത് കഴിയുന്നതും വേഗം എല്ലാം ബ്ലോക്ക് ചെയ്യുകയാണ്."
ഉള്ളില്‍ പെരുമ്പറ കൊട്ടുന്നത് എനിക്ക് കേള്‍ക്കാം. അബദ്ധം പറ്റിയിരിക്കുന്നു. മത്തിക്കെരെ യില്‍ നിന്നും ഗോകുലയിലേക്കുള്ള ഒരു സ്റ്റോപ്പ്‌ ദൂരത്തിനിടയില്‍ അത് മോഷ്ടിക്കപ്പെട്ടിരിക്കുന്നു! ഇനി എന്ത് ചെയ്യും! എല്ലാം അതിനുള്ളില്‍!
പെട്ടെന്ന് തന്നെ വിജയാ ബാങ്ക് ന്‍റെ എ.ടി. എം ‍കാര്‍ഡ് (ഡേ കെയര്‍ ന്‍റെ ) ബ്ലോക്ക് ചെയ്യിപ്പിച്ചു. കൂടെ ക്രെഡിറ്റ്‌ കാര്‍ഡുകളും ചെയ്യാന്‍ പറ്റി. അവസാനം എസ.ബി.എം ന്‍റെ കാര്‍ഡ് ബ്ലോക്ക്‌ ചെയ്തപ്പോള്‍ സമയം ഏകദേശം ആറു മണി ആയി. പര്സ് നഷ്ടപ്പെട്ടത് ഏകദേശം നാലര മണിക്കും.
രണ്ടാം ശനി ആയതുകൊണ്ടും ജോലി സമയം കഴിഞ്ഞതുകൊണ്ടും ഒരു ബാങ്കിലും നേരിട്ട് സംസാരിക്കാനും പറ്റുമായിരുന്നില്ല.
എല്ലാം കഴിഞ്ഞു രണ്ടുപേരും കൂടി പോലീസ് സ്റ്ഷനില്‍ പരാതിയും കൊടുത്തു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുറെ വൈകി. ഉറക്കമില്ലാത്ത ഒരു രാത്രി കടന്നുപോയി.

ജൂലൈ 11:

പിറ്റേ ദിവസം. അന്ന് ഞായറാഴ്ച . അന്ന്
കൂടുതൽ ഒന്നും നോക്കാൻ പറ്റിയില്ല

ജൂലൈ 12

തിങ്കളാഴ്ച . എസ്.ബി. എമ്മില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അവര്‍ അക്കൗണ്ട്‌ ചെക്ക്‌ ചെയ്തു.നോക്കി. അതില്‍ ഉണ്ടായിരുന്ന , അത് വരെയുള്ള ആകെ സമ്പാദ്യമായ അമ്പതിനായിരം രൂപയില്‍ 40100.00 രൂപ 7 ട്രാന്‍സാക്ഷന്‍ വഴി എസ.ബി.ഐ ന്‍റെ ജാലഹള്ളി ശാഖ എ.ടി.എം ഇല്‍ നിന്നും പിന്‍വലിച്ചിരിക്കുന്നു. ബാക്കി രണ്ടു റിലയന്‍സ് പര്‍ച്ചേസ്. ഒന്ന് മത്തിക്കെരെ(Rs.481.50), പിന്നൊന്ന് മഹാലക്ഷ്മി ലേഔട്ട്‌( Rs.3719.00). ആറു മണിക്ക് കാര്‍ഡ്‌ ബ്ലോക്ക് ചെയ്തിട്ടും ലാസ്റ്റ് ട്രാന്‍സാക്ഷന്‍ നടന്നത് 6.21നു.! അതിന്റെ വിശദ വിവരങ്ങള്‍ ബാങ്ക് കൈമാറി. ലോകം കീഴ്മേൽ മറിഞ്ഞ പോലെ തോന്നി. എന്ത് ചെയ്യും?
ജൂലൈ14 :
പോലീസ്ന്‍റെ സഹായത്തോടെ ബാങ്കില്‍ ചെന്നപ്പോള്‍ അവര്‍ ഷട്ടര്‍ താഴ്ത്തി,എ.ടി. എം പിറകു വശത്ത് കൂടി തുറന്നു, ഉള്ളില്‍ കയറി,അതിലെ ക്യാമറയില്‍ റെക്കോര്‍ഡ്‌ ആയ ആ ട്രാന്സാക്ഷന്‍സ് നടത്തിയ ആളുകളുടെ ഫോട്ടോ ഫോണില്‍ എടുക്കാന്‍ അനുവദിച്ചു. നന്നായി ഡ്രസ്സ്‌ ചെയ്ത, ആഭരണങ്ങള്‍ അണിഞ്ഞ രണ്ടു സ്ത്രീകള്‍. ഒരു സ്ത്രീയുടെ കൈയ്യില്‍ കുഞ്ഞും ഉണ്ട്. ഏതോ ഒരു പുരുഷന്‍ അവരെ പണം പിന്‍വലിക്കാന്‍ സഹായിക്കുന്നതും ഫോട്ടോയില്‍ കാണാം. റിലയന്‍സില്‍ ചെന്നപ്പോള് അവര്‍ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റും കിട്ടി. ഇതൊക്കെ പ്രിന്റ്‌ ഔട്ട്‌ എടുത്തു.

ജൂലൈ 15:

കിട്ടിയ എല്ലാ വിവരങ്ങളുംപോലീസി നു കൈമാറിയിട്ടും അവര്‍ പറഞ്ഞത് പിടിച്ചു തന്നാല്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യാം. എന്ന്!
ജൂലൈ16
സൈബര്‍ ക്രൈം പോലീസ്നും പരാതി കൊടുത്തു.
അവസാനം ഞങ്ങള്‍ പിടിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. പത്രങ്ങളിലും ഞങ്ങള്‍ക്ക് പരിചയമുള്ള കടകളിലും ഈ ഫോട്ടോകള്‍ എത്തിച്ചു. ഇവരെ ഇനി കാണുകയാണെങ്കില്‍ അറിയിക്കണം എന്ന് പറഞ്ഞു.

ജൂലൈ18

ഞായറാഴ്ച .പ്രമുഖ പത്രങ്ങളില്‍ ഫോട്ടോ അടക്കം റിപ്പോര്‍ട്ട്‌ വന്നു.
ഒരാഴ്ചയായി ഓടി നടക്കുന്നു, ഇതിന്റെ പിറകെ. ഒന്ന് റിലാക്സ് ആകാന്‍ വേണ്ടി ബാംഗ്ലൂര്‍ ഉള്ള ഒന്ന് രണ്ടു ബന്ധുക്കളെ കുടുംബ സമേതം വീട്ടിലേക്കു ക്ഷണിച്ചു. എന്തിനാണ് എന്നൊന്നും പറഞ്ഞില്ല.എല്ലാവര്‍ക്കും ബിരിയാണിയൊക്കെ ഉണ്ടാക്കി കൊടുത്തു. കഴിച്ച ശേഷം ആണ് അവരോടും കാര്യം പറഞ്ഞത്.എന്നിട്ട് പത്രവും എടുത്തു കാട്ടി ക്കൊടുത്തു. വലിയൊരു വിഷമം എല്ലാവരും ചേര്‍ന്ന് ഒരു പൊട്ടിച്ചിരിയാക്കി മാറ്റി. കാരണം ലോകത്ത് ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സങ്കടം തീര്‍ക്കാന്‍ ഒരാള്‍ മറ്റുള്ളവര്‍ക്ക് ബിരിയാണി ഉണ്ടാക്കി കൊടുക്കുന്നത്!
അങ്ങനെ ഞായറാഴ്ച പകല്‍ ഭംഗിയായി കടന്നുപോയി.
അന്ന് വൈകുന്നേരം മത്തിക്കെരെ ഒരു ബേക്കറിയില്‍ ഇതേ സ്ത്രീകളും കുട്ടിയും വന്നതായി അവര്‍ അറിയിച്ചു.

ജൂലൈ 19

ബേക്കരിയിൽ ചെന്നപ്പോള്‍ അവര്‍ CCTV ഇമേജ് കാണിച്ചു തന്നു. ഇതേ സ്ത്രീകള്‍! ഏതായാലും വൈകിട്ട് അവര്‍ വീണ്ടും വരാന്‍ ചാന്‍സ് ഉണ്ട്. ഇന്ന അവരെ് പിടിച്ചേ പറ്റൂ എന്ന്ഞങ്ങള്‍ തീരുമാനിച്ചു.
ഒരു സുഹൃത്ത്‌നെയും കൂട്ടി മത്തിക്കെരെ ബസ് സ്റ്റോപ്പില്‍ പോകാനും .എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം, ഞങ്ങള്‍ ഉടനെ എത്തും എന്ന് പറഞ്ഞു സ്റെഷനിലെ രണ്ടുപോലീസുകാര്‍ ഫോണ്‍ നമ്പര്‍ തന്നിരുന്നു. പോകുന്നതിനു മുന്‍പ് അവരെ വിളിച്ചു പറഞ്ഞു. ആവശ്യം വന്നാല്‍ ഉടനെ എത്താം എന്ന് അവര്‍ സമ്മതിച്ചു. മത്തിക്കെരെ ബസ് സ്റ്റോപ്പില്‍ കണ്ട വനിതാ ട്രാഫിക് പോലീസിനോടും കാര്യം പറഞ്ഞു. അവര്‍ വരികയാണെങ്കില്‍ സഹായിക്കാം എന്ന് അവരും സമ്മതിച്ചു. ബേക്കറിക്കാരും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
മത്തിക്കെരെ എത്തി കുറെ സമയം കാത്തു നിന്നിട്ടും കാണാതായപ്പോള്‍ അടുത്ത ബസ് സ്റ്റോപ്പില്‍ ഉണ്ടോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു ഭര്ത്താവും. സുഹൃത്തും പോയി. അഥവാ ഇവിടെ വരികയാണെങ്കില്‍ വിളിച്ചാല്‍ മതി, പെട്ടെന്നു ഞങ്ങള്‍ എത്തുംഎന്നും പറഞ്ഞു.
സമയം ആറു മണിയായി. ബസ് സ്റ്റോപ്പില്‍ കാത്തു നിന്ന് മടുക്കാന്‍ തുടങ്ങി. അപ്പോഴതാ ഒരു ബസ് വന്നു നില്‍ക്കുന്നു. ഇതേ സ്ത്രീകളും കുട്ടിയും ബസ്സില്‍ നിന്നും ഇറങ്ങുന്നു. ഫോട്ടോയില്‍ വ്യക്തമായി കാണുന്ന നീല സാരിയുടുത്ത വിശാലമായ നെറ്റിത്തടമുള്ള, മൂക്കുത്തിയണിഞ്ഞ നീണ്ട മൂക്കുള്ള , തടിച്ച ചുണ്ടുകള്‍ ഉള്ള സ്ത്രീ കുട്ടിയുമായി ബസ്സിറങ്ങിയ ഉടന്‍ അവിടെ തന്നെ കുത്തിയിരുന്നു.
മറ്റെയാൾ തിരക്കിൽ അലിഞ്ഞ് അപ്രത്യക്ഷയായി, ആരുടെയോ പർസും അന്വേഷിച്ചാവാം.
എനിക്ക് ശരീരമാസകലം വിറയ്ക്കുന്നപോലെ തോന്നി. ഇത്രയും ദിവസം അന്വേഷിച്ചു നടന്ന ആളിതാ തൊട്ടു മുന്നിൽ. എല്ലാത്തിനും സൂത്രധാരകനായി കൂടെ നിന്ന ഭര്ത്താവ് അടുത്ത സ്റ്റോപ്പിൽ എവിടെയോ അവളെ അന്വേഷിക്കുകയാണ്. എന്തുചെയ്യും?
തൊട്ടു പിന്നിലുള്ള ബേക്കറിയിൽ അവൾ അറിയാതെ അവളെ കാണിച്ചു കൊടുത്തു. അവൾ അവിടന്നു എഴുന്നേറ്റു പോകുകയാണെങ്കിൽ തടയാൻ ആവശ്യപ്പെട്ടു. വനിതാ പോലീസിനെയും അവൾക്കു സംശയമില്ലാതെ അവിടെ വരുത്തി. എന്നിട്ട് എന്റെ കൂടെ വന്നവരേയും സഹായിക്കാം എന്നേറ്റ പോലീസിനെയും വിളിച്ചു പറഞ്ഞു.
അവൾ പതുക്കെ ഇരുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റതും കടക്കാരനും പോലീസും ഞാനും വളഞ്ഞു. അവളുടെ സാരിത്തുമ്പ് എന്റെ കൈയ്യിൽ ചുറ്റി പിടിച്ചു. അവളോടു എന്റെ ഡോക്യുമെന്റ്സ് അടങ്ങിയ പർസ്എങ്കിലും തരൂ, എന്ന് പറഞ്ഞു. കാര്യം മനസ്സിലായപ്പോൾ അവൾ പറഞ്ഞു, എ.ടി.എം കാർഡ്‌ എടുത്തിട്ടു പർസ് അവൾ എവിടെയോ വലിച്ചെറിഞ്ഞു എന്ന്!
അപ്പോഴേയ്ക്കും പോലീസുകാരൻ അവിടെയെത്തി. ഒരു ഓട്ടോ പിടിച്ചു അവളെയും കുഞ്ഞിനേയും നടുക്കിരുത്തി സ്റ്റെഷനിലേക്ക് പോകുന്ന വഴി അവളുടെ ബേഗ് തുറന്നു നോക്കി പോലീസ് എന്നോടുപറഞ്ഞു. "മേഡം, ഇതിൽ ആറായിരം രൂപയുണ്ട്. ഇവർ ധരിച്ചിരിക്കുന്ന പാവാടയിലും നിറയെ പോക്കറ്റ് ഉണ്ടാവും. പണവും. എന്നിട്ട്
ആ ബേഗ് എന്റെ കൈയ്യിൽ സൂക്ഷിക്കാൻ ഏല്പിച്ചു.
സ്റെഷനിൽ എത്തുമ്പോഴേയ്ക്കും ഭർത്താവും സുഹൃത്തും ഒക്കെ അവിടെയെത്തി. അവളെയും ബേഗും അവിടെ ഏല്പ്പിച്ചു വിജയശ്രീ ലാളിതയായി ബാക്കിയുള്ളവരെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കള്ളനെ പിടിച്ച കഥ കേൾക്കാൻ ഫോണ്‍ വിളികളുടെ പ്രവാഹം. .. അവർ ആ സ്ത്രീയെ അകത്തു കൊണ്ട് പോയി ചോദ്യം ചെയ്യാൻ തുടങ്ങി. ഇടയ്ക്ക് പുറത്തു വന്നു ആ പോലീസ്കാരൻ ചോദിച്ചു
" മേഡം, ഞങ്ങൾ അവളെ അടിക്കുന്ന ശബ്ദം കേട്ടില്ലേ നിങ്ങൾ? അടികൊണ്ട് അവൾ ഒന്നല്ല, രണ്ടും പോയി. അവളെകൊണ്ട് തന്നെ വൃത്തിയാക്കിച്ചു."
"അയ്യോ,, അടിക്കുകയൊന്നും വേണ്ട. എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയാ മതി"
"അതെങ്ങനാ? അടിക്കാതെയൊന്നും ഇവർ കാര്യം പറയില്ല" അതും പറഞ്ഞു അവളുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ കുറച്ചു സമയം നോക്കാൻ അവർ എന്നെ ഏല്പ്പിച്ചു. ഞാൻ ഡേ കെയർ നടത്തുകയാണല്ലോ!
ഒൻപതു മണിയൊക്കെ ആയപ്പോൾ ഞങ്ങൾ വീട്ടിലേക്കു തിരിച്ചു വന്നു. അതിനിടയിൽ മറ്റു ബന്ധുക്കളും സ്റെഷനിൽ വന്നിരുന്നു.
പിറ്റേ ദിവസത്തെ പത്രങ്ങളിൽ വീട്ടമ്മ സാഹസീകമായി കള്ളിയെ പിടിച്ച വാര്ത്ത വലിയ അക്ഷരത്തിൽ അച്ചടിച്ചു വന്നു.

ജൂലൈ 20

അന്ന് വൈകിട്ട് ഞങ്ങൾ വീണ്ടും സ്റെഷനിൽ ചെന്നു. ദൂരെ നില്ക്കുകയായിരുന്ന ഒരാളെ ചൂണ്ടി പോലീസ് പറഞ്ഞു, ഈ സ്ത്രീക്ക് വേണ്ടി വന്ന അഡ്വക്കേറ്റ് ആണ്. അയാളോട് സംസാരിക്കൂ എന്ന്.
അതെ. അവർക്ക് പോലും പിറ്റേ ദിവസം ഹാജരാകാൻ അഡ്വക്കേറ്റ്!
അയാൾ ഞങ്ങളോട് പറഞ്ഞത് വേണമെങ്കിൽ അയ്യായിരം രൂപ തന്നു സെട്ട്ൽ ചെയ്യാം എന്ന്. നാൽപത്തഞ്ച് പോയിട്ട് അഞ്ചിന് ഒത്തുതീര്പ്പാക്കാൻ! വേണ്ട എന്ന് പറഞ്ഞു. പിടിക്കപ്പെടുമ്പോൾ അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന രൂപ എവിടെ എന്ന് ചോദിച്ചപ്പോൾ എസ്. ഐ. പറഞ്ഞു. "എന്ത് രൂപ ? അവരുടെ കൈയ്യിൽഒന്നും ഉണ്ടായിരുന്നില്ല" എന്ന്.
എന്റെ കൂടെ ഓട്ടോയിൽ ഉണ്ടായിരുന്ന
പോലീസുകാരനെ നോക്കിയപ്പോൾ അയാൾ കൈമലർത്തി.
രാത്രിയിൽ ഞങ്ങൾ വീണ്ടും ചെന്നപ്പോഴേക്കും അവർ അവിടെയില്ലായിരുന്നു. പോലീസ് പറഞ്ഞത് അവരെ കോർട്ടിൽ ഹാജരാക്കി, ജയിലിലേക്ക് മാറ്റി , അവർ ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിൽ ഉണ്ട് എന്ന്.

ജൂലൈ21

രാവിലെ ഞങ്ങൾക്ക് FIR ന്റെ കോപ്പി തന്നു.

ജൂലൈ24

വീണ്ടും സ്റെഷനിൽ ചെന്നപ്പോൾ ഇൻസ്പെക്ടർ പറഞ്ഞത് ജാലഹള്ളി എസ്.ബി.ഐ. ഇന്ചാര്ജിനെ വിറ്റ്നെസ്സ് ആക്കിയിട്ടുണ്ട്. ഒരു തരത്തിലും ആ സ്ത്രീക്ക് ജാമ്യം കിട്ടുന്ന പ്രശ്നമില്ല എന്ന്.

ജൂലൈ26

നാട്ടില്‍ നിന്നും ഒരു ഫോണ്‍ കാൾ വരുന്നു. "സൂക്ഷിക്കണം, നീ അവരെ പിടിക്കുമ്പോൾ അവരുടെ കൂട്ടാളികൾ നിന്നെ കണ്ടിട്ടുണ്ടാകും, അവർ ബാബുവിനെയോ ( ഭര്‍ത്താവ്) ,  മക്കളെയോ തട്ടിക്കൊണ്ടു പോകുമോ എന്നാലോചിക്കുമ്പോള്‍ പേടിയാകുന്നു " എന്ന് വിളിച്ചയാൾ കുറ്റപ്പെടുത്തല്‍ പോലെ പറഞ്ഞപ്പോള്‍
അതുവരെയുണ്ടായ ധൈര്യം ഒക്കെ പോയി. പിന്നെ വീട്ടിൽ നിന്നും പോയ ഓരോ ആളും തിരിച്ചെത്തുന്നതുവരെ വേവലാതിയും വെപ്രാളവും തുടങ്ങി. വീട്ടുകാര്ക്ക് അപകടം പറ്റുന്നതോർത്ത് ആകെ അസ്വസ്ഥത.

2010 ആഗസ്റ്റ്‌

അവൾക്കു ജാമ്യം കിട്ടി എന്നറിയുന്നു.
എത്ര ശ്രമിച്ചിട്ടും അവളിൽ നിന്നും ഒരു വിവരവും കിട്ടിയില്ലത്രേ. ഗായത്രി, ഫുട് പാത്ത്, നെലമങ്ങല എന്ന അഡ്രെസ്സ് എഴുതി അവർ അവളെ വിട്ടയച്ചു.
ഒരാഴ്ചയോളം പനി വന്നു. പിന്നതു കുറഞ്ഞു.

ആഗസ്റ്റ്‌ 22

ഒന്നാം ഓണം. അപ്പാര്ട്ട്മെന്റിലെ ക്ലീനിംഗ്, സെക്യൂരിറ്റി ജീവനക്കാർ ആയ പത്തു പതിനേഴു പേർക്ക് ഓണ സദ്യ ഉണ്ടാക്കി കൊടുത്തു. തിരുവോണം അമ്മയുടെയും അച്ഛന്റെയും അടുത്ത്.

ആഗസ്റ്റ്‌24

വീണ്ടും പനി തുടങ്ങി. എല്ലാ ടെസ്റ്റ്‌കളും ചെയ്തിട്ടും ഒക്കെ നോർമൽ ആയിട്ടും പനി മാറുന്നില്ല. അത് ആഴ്ചകളോളം നീളുന്നു,

സെപ്റ്റംബർ 18

എന്തുകൊണ്ട് പനി മാറുന്നില്ല എന്ന ചോദ്യത്തിന് കരഞ്ഞുകൊണ്ട് ഞാൻ ഭർത്താവിനോട്‌ പറഞ്ഞു. ഇങ്ങനെ ഒരു ഫോണ്‍ വന്ന കാര്യവും അന്ന് മുതൽ നിങ്ങള്ക്ക് മൂന്നുപേര്ക്കും എന്തെങ്കിലും പറ്റുമോ എന്ന് പേടിച്ചാണ് ഓരോ നിമിഷവും തള്ളി നീക്കിയത് എന്നും.
"അയ്യേ,, അങ്ങനെ പിടിക്കുകയാണെങ്കിൽ നിന്നെയല്ലേ അവർ കണ്ടിട്ടുള്ളൂ, നിന്നെയല്ലേ പിടിക്കുക?" എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട്പറഞ്ഞു.
അത് ശരിയാണല്ലോ! അത് എനിക്കൊരു പ്രശ്നവും അല്ല.അതുവരെ അനുഭവിച്ച ടെൻഷൻ അവിടെ തീരുന്നു. പനിയും!
പിന്നീട് രണ്ടുമൂന്നു തവണ കോർട്ടിൽ വിളിപ്പിച്ചു. ഫുട്പാത്ത് കാരിയെ പിടിക്കാൻ ഒരു രക്ഷയുമില്ല, കേസ് ക്ലോസ് ചെയ്തെക്കട്ടെ എന്ന് മാത്രം അവർ ചോദിക്കും. വേണ്ട, എന്നെങ്കിലും കിട്ടിയാലോ എന്ന് പറഞ്ഞു ക്ലോസ് ചെയ്യാതെ തിരിച്ചു വരും.

2015

മൂന്നാല് മാസം മുന്പും അങ്ങനെ വിളിപ്പിച്ചു. ജഡ്ജിയെ നോക്കി ഉണ്ടായ കാര്യമെല്ലാം പറഞ്ഞു. എന്നിട്ട് ഇനി ഇതിലൊന്നും വിശ്വാസമില്ല. ഇങ്ങനെ വരാൻ സമയവും ഇല്ല. അതുകൊണ്ട് നിങ്ങൾ ക്ലോസ് ചെയ്തോളൂ എന്ന് പറഞ്ഞു. അവർ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടും കൊടുത്തു.

എന്നിട്ടും ....... ഗായത്രി, ഫുട്പാത്ത്, നെലമങ്ങല എന്ന അഡ്രസ്‌ ഇപ്പോഴും ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ പ്രതിരൂപമായി എന്നെയും, ഒരു നോട്ടം കൊണ്ടുപോലും കുറ്റപ്പെടുത്താതെ രണ്ടാഴ്ചയോളം അവധിയെടുത്തു ആവശ്യമായ എല്ലാ രേഖകളും പോലീസിനു സംഘടിപ്പിച്ചു കൊടുത്ത എന്‍റെ ഭര്‍ത്താവിനെയും നോക്കി ചിരിക്കുന്നു. ഒരു തുണ്ട് കടലാസ്സില്‍ എവിടെയോ ആ പര്സില്‍ പിന്‍ നമ്പര്‍ എഴുതിയത് ഉണ്ടായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ ഒരു തട്ടിപ്പ് നടക്കില്ലായിരുന്നു. നാളെ ഒരുപക്ഷെ നിങ്ങളെ നോക്കിയും ചിരിച്ചേയ്ക്കാം. ജാഗ്രതെ

*******************************************

യുദ്ധം ചെയ്യാതിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പൊരുതി തോല്ക്കുന്നത് തന്നെ.

അനിത പ്രേംകുമാർ

കവിയും മാലാഖയും


ഭ്രാന്തമാം ജല്പനംചൊല്ലി അലഞ്ഞിട്ടും
ഭ്രാന്തിയെന്നാരും വിളിച്ചതില്ല
ഉന്മാദലഹരിയിൽ ആറാടിയെന്നിട്ടും
ഉന്മാദിയെന്നും പറഞ്ഞതില്ല.


പ്രണയവും സ്നേഹവും പൂത്തു വിടര്‍ത്തീട്ടും
പ്രാക്കുകൾ ആരുമേ ചൊല്ലിയില്ല
കോപത്താൽ ഉച്ചത്തിലാക്രോശിച്ചിട്ടും
ഭയങ്കരിയെന്നും വിളിച്ചതില്ല

സങ്കടം കൂടിയിട്ടാര്‍ത്തു കരഞ്ഞിട്ടും
വിഷാദരോഗമെന്നോതിയില്ല
തോന്നുമ്പോള്‍ തോന്നിയത്പോലെ നടന്നിട്ടും
താന്തോന്നിയെന്നും വിളിച്ചതില്ല


പകരം നിങ്ങളവളെ വിളിച്ചത് കവി എന്നായിരുന്നു
ഭ്രാന്തിയായ,ഉണ്മാദിയായ,പ്രണയ പരവശയായ
കോപാകുലയായ,വിഷാദ രോഗിയായ,താന്തോന്നിയായ
ഒരു കവയിത്രി

അവസാനമൊരുനാൾ ആകാശത്തിലെ
മാലാഖമാരുടെ ലോകത്ത് അവളുമെത്തിയപ്പൊൾ
മാലാഖമാർ ഭൂമിയിൽ നിന്നെത്തിയ
അവളിലെ സന്തോഷം കണ്ടു പറഞ്ഞു,

നിങ്ങൾ, ഭാഗ്യവതികൾ പ്രണയവും സ്നേഹവും
സങ്കടവും,സന്തോഷവും കോപവും,വിഷാദവും
അറിഞ്ഞവർ, പ്രകടിപ്പിച്ചവർ അനുഭവിച്ചവർ!
ഞങ്ങൾ പാവം മാലാഖമാർ

ഞങ്ങളിൽ നിന്നും നിങ്ങൾ
സ്നേഹം മാത്രംപ്രതീക്ഷിക്കുന്നു
പക്ഷേ,ഞങ്ങൾ പ്രണയം അറിയാത്തവർ
സങ്കടം, സന്തോഷം,കോപം, വിഷാദം
ഒന്നുമേ പ്രകടിപ്പിക്കാൻ അവകാശമില്ലാത്തോർ

പിന്നെ,പ്രണയിക്കാൻ ഞങ്ങൾക്ക്
ദൈവം ഇണകളെ തന്നില്ലല്ലോ!

**********************
അനിത പ്രേംകുമാർ

സ്വാതന്ത്ര്യം

കൂട്ടിലിട്ടു
വളര്ത്തിയ
കുഞ്ഞിക്കിളി
മാനം നോക്കി
പറന്നുപോയി,
അറിയാതെ കൂടു
തുറന്നപ്പോൾ.

പൂച്ചക്കുഞ്ഞിനെ
എവിടെ ക്കളഞ്ഞാലും
തിരിച്ചു വരുമവൻ
വീട്ടിലേയ്ക്കെന്നും
സ്വാതന്ത്ര്യമകത്തും
പുറത്തുമുണ്ടേ!

-----------------------------
അനിത പ്രേംകുമാർ

7/6/15

നക്ഷത്രത്തെ പരിണയിച്ച കരിവണ്ട്അനിത പ്രേംകുമാര്‍
ഒരുകുഞ്ഞു മിന്നാമ്മിനുങ്ങിന്‍ നുറുങ്ങുവെട്ടം
ആഗ്രഹിച്ച കരിവണ്ടിനു ദൈവം
പ്രകാശം പരത്തുന്ന ഒരു നക്ഷത്രത്തെ കൊടുത്തു.
 

എന്നിട്ടും അവളാ നക്ഷത്രത്തോട് വഴക്ക് കൂടി.
ഒന്നുകില്‍ ഭൂമിയിലേക്ക്‌ ഇറങ്ങിവരാത്തതിന്
അല്ലെങ്കില്‍ പ്രകാശം അധികമായതിന്
 ഓരോരുത്തര്‍ക്കും അവരവരുടെ രീതികള്‍!


നക്ഷത്രത്തിനെങ്ങനെഭൂമിയിലെക്കിറങ്ങാന്‍ പറ്റും?
പാവം കരിവണ്ടിന് മുകളിലോട്ടു പറക്കാനും വയ്യ.
അവളുടെ കിന്നാരങ്ങള്‍ ഒന്നും അവന്‍ കേട്ടതേയില്ല
അവരുടെ ഇടയിലുള്ള ദൂരം ഒരുപാടായിരുന്നു.
 

ഒടുവില്‍ അവരൊരുഒത്തുതീര്‍പ്പിലെത്തി.
നക്ഷത്രം അല്പം താഴേക്കു വരിക.
കരിവണ്ടല്പം മുകളിലേക്കും പോകുക.

 
അങ്ങനെ ഭൂമിയിലല്ലാതെ,ആകാശത്തിലല്ലാതെ
അവര്‍ ഒരുമിച്ചു,
അവളുടെയുള്ളില്‍ ഒരു കുഞ്ഞു ജീവന്‍റെ തുടിപ്പുണര്‍ന്നു.
അവളാ കുഞ്ഞിനൊരു പേര് കണ്ടു വച്ചു

കരിനക്ഷത്രം!!


എന്നാല്‍ അവളുടെ സങ്കട ക്കടലിന്‍ തിരകളില്‍ പെട്ട്
ജനിക്കും മുമ്പേ ആ കുഞ്ഞു മരിച്ചുപോയി.
അപ്പോഴും നക്ഷത്രം അവളെനോക്കി,
പ്രകാശം പരത്തി ക്കൊണ്ടിരുന്നു.
അവള്‍ക്കു വേണ്ടിയും പിന്നെ
എല്ലാവര്‍ക്കും വേണ്ടിയും.


ആ പ്രകാശത്തിന്‍റെ വെളിച്ചത്തില്‍
അവളും മൂളിക്കൊണ്ടേയിരുന്നു,
ഓരോന്നും പറഞ്ഞുകൊണ്ടേ യിരുന്നു.
ഒന്നും തന്നെ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.
അഥവാ , കേട്ടാല്‍ അവളിലെ കവി ഉണ്ടാകുമായിരുന്നില്ല.


-----------------------------------------------

(re- post)

സ്നേഹപ്പൂക്കൾ


സ്നേഹപ്പൂക്കൾ
----------------------------
ഇഷ്ടം കൂടുമ്പോള്‍
വിശ്വാസം കൂടും ...
വിശ്വാസം കൂടുമ്പോള്‍
തുറക്കപ്പെടുന്നത്
വീടിന്റെ വാതിലുകളല്ലമനസ്സിന്റെ വാതിലുകളും
ജനാലകളുമാണ്
പതുക്കെ , പതുക്കെ
നനുത്ത കര്ട്ടനുകളും
മാറ്റപ്പെടുന്നു


സ്നേഹമാകുന്ന
പ്രാണവായു
അകത്തേയ്ക്ക്
പ്രവേശിക്കുമ്പോള്‍
മനസ്സും ശരീരവും
കോള്‍മയിര്‍ കൊള്ളുന്നു


എന്നിട്ടുമവസാനം
 കാറ്റ് വന്നു
തിരിച്ചുപോയി
 ഇലകളോടു  പറയും..


അയ്യേ... പൂജാമുറി
എന്തലങ്കോലം
അടുക്കള തീരെ
വൃത്തിയില്ല
മുറ്റം തൂത്തിട്ട്
ദിനങ്ങളായി
കിടക്ക വിരികള്‍
മാറ്റാറെഇല്ല
മുറികളോ, നിന്ന്
തിരിയാനിടമില്ല


ഇനിയിത് തുറക്കില്ല
എന്ന് കരുതും
ആരെയും കടത്തില്ല
എന്നു പറയും


 എന്നിട്ടുംവീണ്ടും
സ്നേഹപൂക്കളുമായി
ഇനിയുമൊരാൾ‍
വന്നു വാതിലിൽ
മുട്ടുമ്പോൾ
മലര്ക്കെ തുറക്കുന്നു
മനസ്സിന്റെ വാതിൽ


സ്നേഹപ്പൂക്കൾ
നിഷേധിക്കുന്നതെങ്ങനെ?

* * * * * * *
 

6/26/15

സ്വപ്‌നങ്ങൾഅദൃശ്യമായ
ഒരാവരണം
എന്നെ മുഴുവനായും
പൊതിഞ്ഞിരിക്കുന്നു.

അതിനുള്ളിൽ
ഞാൻ സുരക്ഷിതയാണ്

പുറത്തു മഞ്ഞുപെയ്തതും
മഞ്ഞുമാറി മഴവന്നതും
പിന്നെയത് വെയിലായി
മാറിയതും
ഞാനറിഞ്ഞിരുന്നു.
ഞാനതൊക്കെ
ആസ്വദിച്ചിരുന്നു,
നീ കാണാതെ.

നീ എന്നെ കാണുന്നത്
എന്നിൽ ലജ്ജയുണ്ടാക്കി
അതുകൊണ്ട്
അതുകൊണ്ട്മാത്രം
ഞാനിതിനുള്ളിൽ
ചുരുണ്ടുകൂടി.

ഇനിയുമിതു തുടർന്നാൽ
കാത്തിരിപ്പിന്
വിരാമമിട്ടു
നീ എന്നെ
ഉപേക്ഷിച്ചുപോകും
എന്ന് ഞാൻ ഭയക്കുന്നു

എന്നിട്ടും, എന്നിട്ടും
ഈ ആവരണം
അറുത്തുമാറ്റാൻ
എന്റെ കൈയ്യൊട്ടും
അനങ്ങുന്നുമില്ല

നിനക്ക് വല്ലാതെ
മടുക്കുന്നുവല്ലേ?
അറിയാം, പക്ഷേ
ഞാനിങ്ങനെയായിപ്പോയി
അഥവാ
എനിക്കിനി മാറാൻ വയ്യ

അതും പറഞ്ഞവൾ
തന്റെ അദൃശ്യമായ
പുതപ്പിനുള്ളിലേക്ക്
ചുരുണ്ട് ചുരുണ്ട്ചുരുണ്ട് കൂടി.

അവസാനം
അവളും അദൃശ്യയായി
അവളുടെ സ്വപ്നങ്ങൾ മാത്രം
അവളെ വിട്ടു
പുറത്തു വന്നു
നൃത്തമാടാൻ തുടങ്ങി

-----------------------------

താളംവഴിമാറി ഒഴുകിയാലും
പുഴചെന്നു ചേരുന്നത്
കടലിന്റെ ആഴങ്ങളിൽ


അത്,
മറ്റൊരു ലക്ഷ്യം
സ്വപ്നം കാണാനുള്ള
പുഴയുടെ കഴിവില്ലായ്മയോ
അതോ
ലക്ഷ്യത്തിലെക്കെത്താൻ
മാര്ഗ്ഗമറിയാഞ്ഞിട്ടോ?


രണ്ടുമല്ല
പ്രപഞ്ചത്തിനൊരു
താളമുണ്ട്
നിന്നാലേ, എന്നാലെ
മാറ്റുവാൻ
കഴിയാത്ത
ഒരു
നിശ്ശബ്ദ താളം

----------------------------

എനിക്കുമിന്നൊരു കവിത മൂളണംകരിവണ്ട് മൂളുന്നപോലെയല്ല,
കുയിലമ്മ പാടുന്നപോലെയല്ല,
കരിയിലപക്ഷി, കൂട്ടുകാരോടൊത്ത്,
മുറ്റത്ത്‌ വന്നു, ചിലച്ചപോലല്ല

കാറ്റിലുലയുന്ന തേന്മാവിൻകൊമ്പുകൾ
കാതിൽ രഹസ്യങ്ങൾ ചൊന്നപോലെ
അതുകണ്ടാര്‍ത്തു ചിരിച്ചൊരുചക്കര
മാമ്പഴം താഴെ വീണുരുളുംപോലെ

അതുകണ്ടോരണ്ണാരക്കണ്ണൻ-
വന്നോടിയെടുത്ത്, കടിക്കുംപോലെ
ചക്കരമാമ്പഴചാറവൻ കൈയ്യിലൂ
ടൊഴുകി പരന്നു പടർന്നപോലെ

കാട്ടു പൂഞ്ചോലയൊഴുകും പോലെ
കാറ്റുവന്നെൻകാതിൽ മന്ത്രിക്കും പോൽ
കാര്‍വര്‍ണ്ണന്‍ രാധയോടെന്ന പോലെ
കാതോരം നീ വന്നിരിക്കുമെങ്കില്‍!


കട-ക്കണ്ണാലെ നീ ചൊന്ന കവിതയല്ലേ
അത് വാക്കിനാല്‍ നോവാതെ ചൊല്ലണം ഞാൻ
അത് നീ മാത്രം കേൾക്കുന്ന കവിതയല്ലേ
എന്റെ പ്രാണനിൽ നീ തൊട്ട വരികളല്ലേ
ഏറെ പ്രിയതരമാമൊരു രഹസ്യമല്ലേ

അത് പ്രണയമാണെന്നതറിഞ്ഞുവോ നാം?