2/15/13

ഞാന്‍ പ്രണയിച്ചോട്ടെ, അന്നും ഇന്നും എന്നും



                                                                         അനിത പ്രേംകുമാര്‍, ബാംഗ്ലൂര്‍


                                  
                                                                       

 പ്രണയ ദിനം എല്ലാവരും ആഘോഷിക്കുന്നു.
എന്താണ് പ്രണയം!
അതൊരു ദിവസത്തേയ്ക്കുള്ള ആഘോഷമാണോ?

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
സ്കൂള്‍ വിട്ടു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍
എന്നും ഒരു നിശ്ചിത ദൂരം വിട്ടു അവളുടെ വീട് വരെ പിറകെ നടന്ന് തിരിച്ചു പോകുന്ന രണ്ടു കുട്ടികള്‍.
അവര്‍ തോറ്റു തോറ്റു, ഏഴില്‍ തന്നെ യായവര്‍!
ഒരിക്കലും ഒരുപദ്രവവും ചെയ്യാത്തവര്‍. 
എങ്കിലും  ഒരു ദിവസം അവള്‍ തിരിഞ്ഞു നിന്ന് അവരോട് തട്ടിക്കയറി!
അവരുടെ ഉള്ളിലുള്ളതും പ്രണയമോ?

അമ്മൂമ്മയുടെ  വീട്ടില്‍ പോയപ്പോള്‍ അടുത്ത വീട്ടിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടന്‍ കവിളില്‍  ഒരുമ്മ തന്ന് ഒടിപ്പോയതും, അരുതാത്ത തെന്തോ ആണെന്ന് തോന്നി, അമ്മൂമ്മയോട് പരാതി പറഞ്ഞ ഏഴാം ക്ലാസ്സുകാരി!
ആ  ചേട്ടനും പ്രണയമായിരുന്നോ?

വീട് മാറി മറ്റൊരു സ്ഥലത്ത് താമസം തുടങ്ങിയപ്പോള്‍
ഇതേ ഏഴാം ക്ലാസുകാരിയോട് ഇഷ്ടമാണെന്ന്, ഒരിക്കലും പറയാതെ, ചോദിക്കാതെ,  അവളെ നിഴലുപോലെ പിന്തുടര്‍ന്ന  പ്രീ ഡിഗ്രീ രണ്ടാം വര്‍ഷക്കാരനുള്ളതുംപ്രണയമോ?
അവളുടെ വിവാഹത്തിന്ചിരിച്ചു കൊണ്ട് സദ്യ യൊരുക്കുമ്പോഴും അവന്‍ അവളെ പ്രണയിച്ചിരുന്നോ?

8 മുതല്‍ 10 വരെ കൂടെ പഠിച്ച സഹപാഠി, ആണ്‍ കുട്ടികളില്‍ ഒന്നാമനായവന്,
പെണ്‍കുട്ടികളില്‍ ഒന്നമാതായവളോടു തോന്നിയ അടുപ്പവും പ്രണയമോ?

ജോലിക്ക്  പോകുമ്പോള്‍ ഒരുനാള്‍ ബസ്സില്‍ വച്ച് കണ്ട്, അഡ്രസ്‌ തപ്പിപ്പിടിച്ച് കത്തയച്ച്, കത്ത് കിട്ടിയ അച്ഛന്‍ അവളറിയാതെ മറുപടി അയച്ച്, ആ മറുപടിയില്‍ തൃപ്തനായി മടങ്ങിയ ആള്‍ക്കും ഉണ്ടായിരുന്നത് പ്രണയമോ?
മധുരമായി പാടുന്ന, തമാശകള്‍ പറയുന്ന, എന്നാല്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന, ഒരാളോട്  അവള്‍ക്കുണ്ടായിരുന്ന ആരാധനയും പ്രണയമോ?

ഇതൊക്കെ  പ്രണയമാണെങ്കില്‍ ഇവരാരും എന്ത് കൊണ്ട് സ്വന്ത മാക്കാന്‍ ശ്രമിച്ചില്ല! സ്വന്തമാവാഞ്ഞതിന്‍റെ പേരില്‍ മുഖത്ത് ആസിഡ്‌ ഒഴിച്ചില്ല?

ഇതൊന്നും പ്രണയമല്ലെങ്കില്‍ അവരില്‍ സ്നേഹം ഉണ്ടായിരുന്നില്ലെങ്കില്‍
അവളെന്തിനിതൊക്കെ ഇപ്പോഴും ഇഷ്ടത്തോടെ  ഓര്‍ക്കുന്നു!
ഓര്‍ക്കുമ്പോള്‍ എന്ത് കൊണ്ട് ദേഷ്യം വരുന്നില്ല!

ഇവരിലാരെങ്കിലും സ്വന്തമാക്കിയിരുന്നെങ്കില്‍ അവളിലെ പ്രണയം അന്നേ അസ്തമിച്ചേനെ എന്നും ഞാന്‍ കരുതുന്നു. അവളുടെ തനി സ്വഭാവമറിയുമ്പോള്‍  അവരിലെയും.
പകരം ഇവരൊന്നു മല്ലാത്ത ഒരാള്‍  കല്യാണാലോചനയുമായി എത്തിയപ്പോള്‍ കാത്തിരുന്ന ആള്‍ ഇതാണെന്ന് തോന്നിയതും പ്രണയമല്ലേ?

ഔപചാരികതകള്‍ എന്തെന്നറിയാത്ത അവന്‍  അവള്‍ക്കായ്കാത്തു വച്ചത്,എല്ലാ വര്‍ഷവുമോരോരോ പ്രണയ ദിനങ്ങളായിരുന്നില്ലല്ലോ.  
സ്വന്തം ജീവിതം തന്നെ യായിരുന്നു. ഓരോ  ശ്വാസവും, ഓരോ നിമിഷവും
സ്വന്തം ആത്മാവ് തന്നെ അവള്‍ക്ക് വിട്ടു കൊടുക്കുകകയായിരുന്നു. കണ്ടുമുട്ടി, ഒന്നായതുമുതല്‍ കൈ വിടാതെ, ഒരു നിമിഷം പിരിഞ്ഞിരിക്കാതെ കൂടെ കൊണ്ട് നടക്കുകയായിരുന്നു ! 
അന്നും ഇന്നും,ഒരിക്കല്‍ പോലും ഇഷ്ടമാണെന്ന് പറയാതെ, സമ്മാനങ്ങള്‍ നല്‍കാതെ, അഭിനന്ദനങ്ങള്‍ അറിയിക്കാതെ!

ഇതിലേതാണ് പ്രണയം! ഏതെങ്കിലും  ഒന്നോ, അതോ എല്ലാം ചേര്‍ന്നതോ? 

എന്തായാലും  ഇവരെ എല്ലാവരെയും, മറ്റു പലരെയും, പലതിനെയും   അവള്‍ പ്രണയിക്കുന്നു. 
തുഴഞ്ഞിടത്തോളം തുഴയാന്‍ ഇനി ബാക്കിയില്ലാത്ത  ജീവിതത്തിന്‍റെ മറുകരയിലെയ്ക്ക് പ്രണയത്തിന്‍ തോണി തുഴഞ്ഞ് സന്തോഷത്തോടെ  അവള്‍  പ്രവേശിക്കട്ടെ. 
കൂടെ ഞാനും പ്രണയിച്ചോട്ടെ, അന്നും ഇന്നും എന്നും.

               - ------------------------------------------------------------------------------









41 comments:

  1. പ്രണയം അങ്ങിനെയാണ്..
    എത്ര ചേര്‍ത്താലും പൂരിതമാകാത്ത ലായനി പോലെ.
    എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്ത വിളക്കുപോലെ...
    അതങ്ങിനെ തന്നെയാവണം.

    ReplyDelete
    Replies
    1. ആദ്യം പ്രണയം പ്രകൃതിയോട് തോന്നണം. അപ്പോള്‍ എന്തിലും ഏതിലും പ്രണയം അനുഭവപ്പെടും. ഇല്ലേ?
      ആദ്യത്തെ അഭിപ്രായത്തിന് നന്ദി.

      Delete
  2. ഒരിക്കലും മരിക്കാത്ത നോവാകാം പ്രണയം ചിലര്‍ക്ക്.... എന്നാല്‍ പ്രണയത്തെ തിരഞ്ഞു പിടിച്ചാല്‍ നമുക്ക് മനസിലാകും എതിര്‍ ലിംഗത്തില്‍ പെട്ട രണ്ടു പേര്‍ തമ്മിലുള്ള അടുപ്പം എന്ന രീതിയില്‍ നാം ഇന്ന് കണ്ടു വരുന്ന പ്രണയം, ലോകത്തെ അതിലെ ഓരോ ജന്തു ജാലങ്ങളെ എങ്ങനെ നോക്കികാണണം എന്ന് സര്‍വാധിപന്‍ വിവരിച്ച് വരച്ചു വച്ചിരിക്കുന്ന ഒരു ചിത്രമാണ്‌ പ്രണയം. എല്ലാരിലും അതുണ്ട്. കാമം എന്ന വികാരത്തില്‍ ഉപരി അതിനെ സഹനത്തിന്റെയോ സഹാനുഭുതിയുടെയോ പരിവേഷം നല്‍കി നോക്കി കാണുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ പ്രണയം എന്തെന്ന് തിരിച്ചറിയാന്‍ പറ്റൂ. അങ്ങനെ മാത്രമേ പ്രണയവും ഈശ്വരനും തമ്മില്‍ ഉള്ള സീമ തീരെ ചെറുതാണ് എന്ന യഥാര്ത്യത്തെ മനസിലാക്കാന്‍ പറ്റൂ.... :p

    ReplyDelete
    Replies
    1. തീര്‍ച്ചയായും,അഖില്‍, എല്ലാ പ്രണയത്തിലും സ്നേഹത്തിലും ഈശ്വരാംശമുണ്ട്.ഇല്ലാത്തത് പ്രണയമേയല്ല

      Delete
  3. ഒളിഞ്ഞും തെളിഞ്ഞും ഇനിയും ഒരുപാട് പ്രണയങ്ങള്‍ ഉണ്ടാകട്ടെ...

    ReplyDelete
    Replies
    1. ഒളിഞ്ഞും തെളിഞ്ഞുമൊക്കെ കൌമാരത്തിലല്ലേ മനോജ്‌?
      ഈ 41 വയസ്സില്‍, ടീനെജില്‍ എത്തിയ 2 മക്കളുള്ള എനിക്കിപ്പോള്‍ പ്രണയമെന്നത് എല്ലാവരോടും, എല്ലാത്തിനോടും ഉള്ള സ്നേഹം ആയി മാറിയില്ലേ? പ്രണയം ഒരുപാടില്ല. അത് ഒന്നേയുള്ളൂ, സ്നേഹം!

      Delete
  4. ഇതൊക്കെ വായിച്ച് തീർത്തപ്പൊ,എന്നിലൊരു ചോദ്യം,

    എനിക്കപ്പോൾ അവളോടുള്ളതും പ്രണയമാണോ ?
    ആവും,
    ഞാനവളെ സ്വന്തമാക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു.

    ആശംസകൾ.

    ReplyDelete
    Replies
    1. സ്വന്തമാക്കിയാല്‍ ചിലപ്പോള്‍ പ്രണയം അതോടെ തീര്‍ന്നെയ്ക്കാം. സൂക്ഷിക്കുക

      Delete
  5. ഓടോ ഗ്രാഫ് എന്നാ തമിഴ് സിനിമ ഓര്‍മ്മ വന്നു വായിച്ചു തീര്‍ന്നപ്പോ ..
    ശരിയാണ് പ്രണയം ഇങ്ങനെ നീര്‍ത്തുള്ളി പോലെ .. ഒഴുകി കൊണ്ടിരിക്കയാണെന്നു തോന്നി പോയിട്ടുണ്ട് പ്രവാഹങ്ങളില്‍ നിന്ന് പ്രവാഹങ്ങളിലെക്കങ്ങനെ...........
    പക്ഷെ കടലില്‍ ചെന്ന് ചേര്‍ന്നിട്ടും പിന്നെയും ഒരു പ്രവാഹത്തിന് കൊതിക്കുംബോഴാനു പ്രണയം വഴി തെറ്റി പോവുന്നതും.... :)

    ReplyDelete
    Replies
    1. ആ സിനിമ ഞാന്‍ കണ്ടിട്ടില്ല.അതിലെ ഒരു പട്ടൊഴികെ.
      കടലില്‍ പ്രണയമാകുന്ന തിര വന്നും പോയും കൊണ്ടിരിക്കും.നിര്‍ത്താതെ. പക്ഷെ ആ തിരകള്‍ ഒരിക്കലും പുഴയെ അന്വേഷിക്കാറില്ല. കല്യാണശേഷം പ്രണയം അങ്ങനെയാകണം.

      Delete
  6. പ്രണയമേതുപോല്‍

    ReplyDelete
    Replies
    1. ഇതുപോലൊക്കെ തന്നെ , അല്ലേ?

      Delete
  7. കൊള്ളാം.
    നല്ല രസം വായിക്കാൻ!
    ഞാൻ ഒരു ഭീരുവായിരുന്നു. ഒരിക്കലും ആരോടും പ്രണയം വെളിപ്പെടുത്തിയില്ല!

    എങ്കിലും ഇതൊന്നു വായിച്ചോളൂ
    (കൈതകള്‍ പൂത്ത കരോള്‍ കാലം http://jayandamodaran.blogspot.in/2009/12/blog-post.html )

    ReplyDelete
    Replies
    1. എന്തിനാ, വെളിപ്പെടുത്തുന്നത്? അറിയേണ്ട ആള്‍ക്കാര്‍ അറിഞ്ഞിട്ടുണ്ടാകും. വെളിപ്പെടുത്തി സ്വന്തമാക്കിയാല്‍ തീര്‍ന്നില്ലേ?

      Delete
  8. ഞാൻ പ്രണയിച്ചിരുന്നോ... ഓ പിന്നെ ഉണ്ടല്ലോ... പക്ഷെ പ്രണയം പ്രണയമാണെന്ന് തുറന്ന് പറഞ്ഞില്ല. പറഞ്ഞാൽ മത്യാരുന്നു ല്ലെ ? ഹ ഹ ഹ

    നല്ല വായന നൽകി ആശംസകള്

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായത്തിനും നന്ദി, പിന്നെ ഇതിന്‍റെമറുപടി മുകളില്‍ പറഞ്ഞിട്ടുണ്ട്. ഒന്ന് വായിച്ചേ--

      Delete
  9. വായിച്ചപ്പോള്‍ എന്നെ തന്നെയാണ് മനസ്സില്‍ കണ്ടത്.. ഇതൊക്കെ പ്രണയമായിരുന്നോ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയും ഞാന്‍ .... കൂടെ ഒരു ലിങ്കും തരും.
    http://sangeethvinayakan.blogspot.in/2012/09/blog-post_30.html

    ReplyDelete
  10. ഇവരിലാരെങ്കിലും സ്വന്തമാക്കിയിരുന്നെങ്കില്‍ അവളിലെ പ്രണയം അന്നേ അസ്തമിച്ചേനെ എന്നും ഞാന്‍ കരുതുന്നു. അവളുടെ തനി സ്വഭാവമറിയുമ്പോള്‍ അവരിലെയും.

    ReplyDelete
  11. പ്രണയം ഒരത്ഭുതം ആണ്...!!
    പ്രണയിനിക്കായ് നിങ്ങളുടെ പ്രണയം ഉപേക്ഷിക്കാന്‍ വരെ സാധിക്കുന്ന അത്ഭുതം....!! കാരണം പ്രണയത്തില്‍ ചീത്തയില്ല ... പിടിച്ചു വാങ്ങല്‍ ഇല്ല..ഈഗോ ഇല്ല...നിന്റെ എന്റെ എന്ന തീരുമാനങ്ങള്‍ ഇല്ല..നിനക്ക് ഈ പിരിയല്‍ ആണ് സമ്മതം എങ്കില്‍ അതാകട്ടെ എനിക്കും ഇഷ്ടം എന്ന് നമ്മെ കൊണ്ട് പറയിപ്പിക്കുന്ന വിചിത്രമായ ഇഷ്ടം...വെറും ഇഷടം... പ്രണയം ഒരത്ഭുതം തന്നെ .... ഏതു പ്രണയ മനസ്സിനാണ് ഇണയുടെ മനസ്സിനെ തീ തീറ്റിക്കാന്‍ കഴിയുക ..അത് എന്തിന്റെ പേരില്‍ ആയാലും അത് പ്രണയമല്ല, അത് ഈഗോകളുടെ എന്നിഷ്ടവും നിന്നിഷ്ടവും മാത്രം .!ഇപ്പോള്‍ എനിക്ക് മന്സ്സിലാവുന്നു പ്രണയം ഒരത്ഭുതം ആണെന്ന്....!!! :)))))അനിതയുടെ പോസ്റ്റു വായിച്ചപ്പോള്‍ പഴയ ഫേസ്ബുക്ക് അപ്ടെശന്‍ ഒന്ന് പകര്‍ത്തിയതാണ് ... കാരണം പ്രണയം ലളിതമായി ഒരത്ഭുതം ആണ് .... ഒരു കണ്ചിമ്മല്‍ കൊണ്ട് പോലും നോവിക്കാന്‍ കഴിയാത്ത പ്രണയം !!! :)))

    ReplyDelete
    Replies
    1. പൂര്‍ണമായും യോജിക്കുന്നു.അങ്ങനെയുള്ള പ്രണയങ്ങള്‍ മാത്രം എക്കാലവും നിലനില്‍ക്കുന്നു.

      Delete
  12. എനിക്ക് ഓരോ പ്രണയവും ഓരോ അനുഭവലോകമാണ്.
    എന്നെ പോലൊരു സഹജീവിയെ
    അടുത്തറിയുകയായിരുന്നു
    ഞാന്‍ ഓരോ പ്രണയത്തിലൂടെയും....
    അതിലൂടെ ഞാന്‍ എന്നെയും....

    അതുകൊണ്ട് എത്രത്തോളം നഷ്ടപ്പെടുന്നുവോ
    അത്രത്തോളം ആവേശത്തില്‍
    പിന്നേം പിന്നേം പ്രണയിച്ചു കൊണ്ടേയിരിക്കുന്നു....

    അവിരാമരാഗപ്രയാണം !!!

    ReplyDelete
  13. ഇവിടെ വിവര്‍ത്തനം വേണ്ടത് പ്രണയം എന്ന വാക്കിനാണ് എന്താണ് പേരറിയാത്തൊരു നൊമ്പരം മാത്രം

    ReplyDelete
    Replies
    1. നൊമ്പരമാണോ അതോ പുഞ്ചിരിയോ? അറിയില്ല!

      Delete
  14. ഇതിലേതാണ് പ്രണയം! ഏതെങ്കിലും ഒന്നോ, അതോ എല്ലാം ചേര്‍ന്നതോ?
    എന്നും ഉത്തരം കിട്ടാത്തൊരു ചോദ്യം ..
    നല്ല ശൈലി -തുടരുക -ആശംസകള്‍

    ReplyDelete
  15. ഇതെല്ലാം കൂടി ചേര്‍ന്നത്‌ തന്നെ പ്രണയം.
    അത് പ്രായമനുസരിച്ച് പല തരത്തില്‍ നിര്‍വചിക്കപ്പെടുന്നു എന്ന് മാത്രം

    ReplyDelete
    Replies
    1. ശരിയാണ്, പ്രായം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടുകള്‍ മാറുന്നു. നിര്‍വ്വചനങ്ങള്‍ മാറുന്നു, പ്രണയം മാത്രം പുഞ്ചിരി തൂകി നില്‍ക്കുന്നു!

      Delete
  16. പ്രണയമില്ലാത്ത ഒരാളും ഇല്ല, ലോകം മൊത്തം ,പ്രപഞ്ചം മുഴുവന്‍ പ്രണയം വ്യാപിച്ചു കിടക്കുന്നതുമാണത്, പക്ഷെ അതിനായി ഒരു ദിവസവും സ്ഥലവും നേരവും ഒന്നും കണക്കാക്കേണ്ടതില്ല , യാഥാർത്ത ജീവിതത്തിൽ സ്വപ്നങ്ങൾക്ക് സ്ഥാനം കുറാവയതിനാൽ ജീവിതം ഇതൊന്നുമല്ല എന്നത് മനസിലാക്കി നന്നായി ജീവിച്ച് കാണിച്ച് കൊടുത്താൽ വരും തലമുറയെങ്കിലും നന്നാവും, പാശ്ചാത്യ വൽകരണത്തിന്റെ മൂട്താങ്ങി വാലിൽ പിടിച്ച് ഇത്തരം അനാചാരങ്ങൾ ആഘോഷിക്കുന്നത് ഭാരത സംസ്കാരത്തിന്റെ രീതിയല്ല എന്ന് മനസിലാക്കുന്നത് ഒരു ഭാരതിയ്യൻ എന്ന നിലക്ക് നന്നായിരിക്കും.

    ReplyDelete
    Replies
    1. ഷാജുവിന്‍റെ അഭിപ്രായത്തോട്‌ പൂര്‍ണമായും യോജിക്കുന്നു.

      Delete
  17. വളരെ നല്ല ചിന്തകള്‍ പ്രണയത്തെ കുറിച്ച്..അതങ്ങനെയാണ് സ്വന്തമാകും വരെ ഉള്ള ഒരു കൌതുകം..

    ReplyDelete
  18. " സ്വന്തം ജീവിതം തന്നെ യായിരുന്നു. ഓരോ ശ്വാസവും, ഓരോ നിമിഷവും സ്വന്തം ആത്മാവ് തന്നെ അവള്‍ക്ക് വിട്ടു കൊടുക്കുകകയായിരുന്നു. കണ്ടുമുട്ടി, ഒന്നായതുമുതല്‍ കൈ വിടാതെ, ഒരു നിമിഷം പിരിഞ്ഞിരിക്കാതെ കൂടെ കൊണ്ട് നടക്കുകയായിരുന്നു !
    അന്നും ഇന്നും,ഒരിക്കല്‍ പോലും ഇഷ്ടമാണെന്ന് പറയാതെ, സമ്മാനങ്ങള്‍ നല്‍കാതെ, അഭിനന്ദനങ്ങള്‍ അറിയിക്കാതെ!"

    ആ....ഹ! ഈ വരികളില്‍ ഞാനങ്ങു ലയിച്ചു...

    ReplyDelete
    Replies
    1. ഈ വരികള്‍ തന്നെ എനിക്കും പ്രിയപ്പെട്ടവ.സോണി അത് വേര്‍തിരിച്ചെടുത്തതില്‍ സന്തോഷിക്കുന്നു.

      Delete
  19. എന്തായാലും ഇവരെ എല്ലാവരെയും, മറ്റു പലരെയും, പലതിനെയും അവള്‍ പ്രണയിക്കുന്നു.
    ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രം അകലെയുള്ള ജീവിതത്തിന്‍റെ മറുകരയിലെയ്ക്ക് പ്രണയത്തിന്‍ തോണി തുഴഞ്ഞ് സന്തോഷത്തോടെ അവള്‍ പ്രവേശിക്കട്ടെ.
    കൂടെ ഞാനും....കൂടെ ഞാനും....!!!!!

    ReplyDelete
  20. ഇത് വായിച്ചപ്പോള്‍ പ്രണയത്തിലെ അനുഭുതി വീണ്ടും ഞാന്‍ അറിഞ്ഞു.പ്രണയം സുന്ദരം ആണ്.എന്നോട് അടുത്ത് വരുന്ന ആരെയും ഞാന്‍ പ്രണയിക്കുന്നു .........

    ReplyDelete
  21. ഇത് വായിച്ചപ്പോള്‍ പ്രണയത്തിലെ അനുഭുതി വീണ്ടും ഞാന്‍ അറിഞ്ഞു.പ്രണയം സുന്ദരം ആണ്.എന്നോട് അടുത്ത് വരുന്ന ആരെയും ഞാന്‍ പ്രണയിക്കുന്നു .........

    ReplyDelete
  22. eettavum thilakkamullathakkamayirunna oru kadha..oru kadha parachil mathramaayi churunggiyo ennu thonni. kooduthal nirachaarthulla chithram akkamaayirunnu. edakku nalla prayogangal eduthuparayendava thanne..

    ReplyDelete
  23. Onnum parayan illa ippol ee kavithayodullathum pranayam thanneyavanmenikku.... nannayirunnu... I felt each and every word is pure like love... Abhivadhyanghal...

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. പ്രണയത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത്
    " പ്രണയം അന്തരാത്മാവിലെ ഇന്ദ്രിയാതീതമായ ഒരനുഭൂതിയാണ് !"

    ReplyDelete
  26. ഈ പോസ്റ്റ്‌ എന്തുകൊണ്ടോ ശ്രദ്ധയില്‍പെട്ടിരുന്നില്ല.
    എന്തായാലും പ്രണയദിനത്തില്‍ ഇങ്ങിനെയൊരു പോസ്റ്റ്
    വായിക്കാന്‍ കഴിഞ്ഞതില്‍ അതിയായി ആഹ്ലാദിക്കുന്നു..
    ആശംസകള്‍..
    അഭിനന്ദനങ്ങള്‍...!!

    ReplyDelete