6/26/15

സ്വപ്‌നങ്ങൾ



അദൃശ്യമായ
ഒരാവരണം
എന്നെ മുഴുവനായും
പൊതിഞ്ഞിരിക്കുന്നു.

അതിനുള്ളിൽ
ഞാൻ സുരക്ഷിതയാണ്

പുറത്തു മഞ്ഞുപെയ്തതും
മഞ്ഞുമാറി മഴവന്നതും
പിന്നെയത് വെയിലായി
മാറിയതും
ഞാനറിഞ്ഞിരുന്നു.
ഞാനതൊക്കെ
ആസ്വദിച്ചിരുന്നു,
നീ കാണാതെ.

നീ എന്നെ കാണുന്നത്
എന്നിൽ ലജ്ജയുണ്ടാക്കി
അതുകൊണ്ട്
അതുകൊണ്ട്മാത്രം
ഞാനിതിനുള്ളിൽ
ചുരുണ്ടുകൂടി.

ഇനിയുമിതു തുടർന്നാൽ
കാത്തിരിപ്പിന്
വിരാമമിട്ടു
നീ എന്നെ
ഉപേക്ഷിച്ചുപോകും
എന്ന് ഞാൻ ഭയക്കുന്നു

എന്നിട്ടും, എന്നിട്ടും
ഈ ആവരണം
അറുത്തുമാറ്റാൻ
എന്റെ കൈയ്യൊട്ടും
അനങ്ങുന്നുമില്ല

നിനക്ക് വല്ലാതെ
മടുക്കുന്നുവല്ലേ?
അറിയാം, പക്ഷേ
ഞാനിങ്ങനെയായിപ്പോയി
അഥവാ
എനിക്കിനി മാറാൻ വയ്യ

അതും പറഞ്ഞവൾ
തന്റെ അദൃശ്യമായ
പുതപ്പിനുള്ളിലേക്ക്
ചുരുണ്ട് ചുരുണ്ട്ചുരുണ്ട് കൂടി.

അവസാനം
അവളും അദൃശ്യയായി
അവളുടെ സ്വപ്നങ്ങൾ മാത്രം
അവളെ വിട്ടു
പുറത്തു വന്നു
നൃത്തമാടാൻ തുടങ്ങി

-----------------------------

താളം



വഴിമാറി ഒഴുകിയാലും
പുഴചെന്നു ചേരുന്നത്
കടലിന്റെ ആഴങ്ങളിൽ


അത്,
മറ്റൊരു ലക്ഷ്യം
സ്വപ്നം കാണാനുള്ള
പുഴയുടെ കഴിവില്ലായ്മയോ
അതോ
ലക്ഷ്യത്തിലെക്കെത്താൻ
മാര്ഗ്ഗമറിയാഞ്ഞിട്ടോ?


രണ്ടുമല്ല
പ്രപഞ്ചത്തിനൊരു
താളമുണ്ട്
നിന്നാലേ, എന്നാലെ
മാറ്റുവാൻ
കഴിയാത്ത
ഒരു
നിശ്ശബ്ദ താളം

----------------------------

എനിക്കുമിന്നൊരു കവിത മൂളണം



കരിവണ്ട് മൂളുന്നപോലെയല്ല,
കുയിലമ്മ പാടുന്നപോലെയല്ല,
കരിയിലപക്ഷി, കൂട്ടുകാരോടൊത്ത്,
മുറ്റത്ത്‌ വന്നു, ചിലച്ചപോലല്ല

കാറ്റിലുലയുന്ന തേന്മാവിൻകൊമ്പുകൾ
കാതിൽ രഹസ്യങ്ങൾ ചൊന്നപോലെ
അതുകണ്ടാര്‍ത്തു ചിരിച്ചൊരുചക്കര
മാമ്പഴം താഴെ വീണുരുളുംപോലെ

അതുകണ്ടോരണ്ണാരക്കണ്ണൻ-
വന്നോടിയെടുത്ത്, കടിക്കുംപോലെ
ചക്കരമാമ്പഴചാറവൻ കൈയ്യിലൂ
ടൊഴുകി പരന്നു പടർന്നപോലെ

കാട്ടു പൂഞ്ചോലയൊഴുകും പോലെ
കാറ്റുവന്നെൻകാതിൽ മന്ത്രിക്കും പോൽ
കാര്‍വര്‍ണ്ണന്‍ രാധയോടെന്ന പോലെ
കാതോരം നീ വന്നിരിക്കുമെങ്കില്‍!


കട-ക്കണ്ണാലെ നീ ചൊന്ന കവിതയല്ലേ
അത് വാക്കിനാല്‍ നോവാതെ ചൊല്ലണം ഞാൻ
അത് നീ മാത്രം കേൾക്കുന്ന കവിതയല്ലേ
എന്റെ പ്രാണനിൽ നീ തൊട്ട വരികളല്ലേ
ഏറെ പ്രിയതരമാമൊരു രഹസ്യമല്ലേ

അത് പ്രണയമാണെന്നതറിഞ്ഞുവോ നാം?

കാത്തിരിപ്പിനൊടുവിൽ


പ്രിയനേ
കാത്തിരിപ്പിനൊടുവിൽ
ഒരുനാൾ ഞാൻ വരും
അന്ന് നീയെന്നെ
തിരിച്ചറിയാൻ
നീ കണ്ടു മോഹിച്ച
ദേഹമല്ല,


പകരം
നിന്‍റെ പ്രണയം
അലിയിച്ചു ചേർത്ത
ആത്മാവ്
ഞാൻ നിനക്ക്
കാട്ടിത്തരും

അതിൽ നിന്നും
നിന്റെ കാണാതെപോയ
ഒരംശം
നീ അരിച്ചെടുത്ത്കൊൾക.

എന്നിട്ട് നീ
പൂര്ണ്ണതയിലെക്ക്
പതുക്കെ പതുക്കെ
നടന്നു ചെല്ലുക

അവിടെഎത്തുമ്പോൾ
നീ അറിയും,
പൂർണ്ണതയിൽ
നീയെന്നുംഞാനെന്നും
രണ്ടു പദങ്ങൾ
അന്യമെന്ന്

നിന്നിൽ ഞാനും
എന്നിൽ നീയും
ഉണ്ടായിരുന്നു എന്ന്

* * * * *

റേഡിയോ


എനിക്ക് നിന്നോട്
ഏറെ ഇഷ്ടം തോന്നിയത്
നീ എന്നെ മടുപ്പില്ലാതെ
കേൾക്കുന്നത് കൊണ്ടാണ്


എന്നിട്ടും
നിനക്ക് പറയാനുള്ളത്
കേൾക്കാൻ
എനിക്ക് കർണ്ണങ്ങൾ
ഇല്ലാതെ പോയി
നിന്നെ അറിയാൻ
കണ്ണുകൾ ഇല്ലാതെ പോയി

അങ്ങനെ ഞാനൊരു
റേഡിയോ ആയി
കണ്ണുകൾ ഇല്ലാത്ത
കാതുകൾ ഇല്ലാത്ത
കാഴ്ച അറിയാത്ത
കേൾവി അറിയാത്ത
സുന്ദരൻ റേഡിയോ

* * * * * * * *