11/25/16

തുല്യത - ചില ആൺ ചിന്തകൾ



* പറയാൻ തോന്നിയ കാര്യങ്ങൾ
സത്യസന്ധമായി പറഞ്ഞപ്പോഴാണ്
നീ എന്നോട് പിണങ്ങിയത്.
പറയാനുള്ളത് മറച്ചുവച്ചു
മധുരം പൊതിഞ്ഞ നുണകളാണ്
ഞാൻ നിനക്ക് സമർപ്പിച്ചതെങ്കിൽ
നീ ഒരിക്കലും എന്നെ
വെറുക്കില്ലായിരുന്നു... 


* 14 സെക്കന്റ് നിന്നെ നോക്കിയത്
നിന്നോടുള്ള പ്രണയം പറയാൻ
അറിയാഞ്ഞിട്ടായിരുന്നു..
എന്റെ നോട്ടത്തിൽ നീയത്
വായിച്ചെടുക്കും എന്ന് ഞാൻ
വൃഥാ കരുതി... എന്നാൽ
15ആം സെക്കന്റിൽ നീ ചെയ്തതോ!

* പ്രണയം തോന്നി തന്നെയാണ്
പെണ്ണെ ഞാൻ നിന്റെ
പിറകെ നടന്നത്.
അത് പറയേണ്ട സമയത്ത്
പറയാൻ അറിയാത്തതുകൊണ്ട്
മാത്രമാണ് നീയിന്നു
മറ്റൊരാളുടെതായതും
ഞാനിന്നു സ്വസ്ഥമായിരിക്കുന്നതും!

* ഇഷ്ടം ചോദിക്കുന്നതിന്മുന്നേ
കഷ്ടകാലത്തിനു ഞാൻ
നിന്നെയൊന്നു തൊട്ടുപോയി!
കൂകി വിളിച്ചു നീ ആളെക്കൂട്ടി
എന്നെ വെറുമൊരു
കശ്‌മലനാക്കി
നാണംകെട്ടയെന്റെ പ്രണയം
നാടുവിട്ടു പറന്നും പോയി
അത് നീയാണ് തൊട്ടതെങ്കിലോ?

* നിന്നെക്കാൾ പഠിപ്പുവേണം
നിന്നെക്കാൾ ഉയരം വേണം
നിന്നെക്കാൾ വിവരം വേണം
നിന്നെക്കാൾ ശമ്പളം വേണം
ഇതെല്ലാമുള്ളയാളെ കെട്ടിയപ്പോ
നീ പറയുന്നു,
തുല്യതവേണം.. തുല്യത!


**************************

അനിത പ്രേംകുമാര്‍

ഡിവോര്‍സ്



ടി വി യില്‍ കാര്യമായി എന്തോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.
പെട്ടെന്ന് തിരിഞ്ഞു അടുക്കളയിലുള്ള അവളോടു ചോദിച്ചു.

"അല്ല, നീ എപ്പോഴാ എന്നെ ഡിവോര്‍സ് ചെയ്യുന്നത്?"

"ങേ"

"ങാ. അതെന്നെ. നമുക്കും പിരിഞ്ഞാലോ?"

"ഓ.. അങ്ങിനെ.

പിരിയാലോ.. ഇപ്പോള്‍ ട്രെന്‍ഡ് 25 ആം വാര്‍ഷികം ഒക്കെ ആഘോഷിച്ച ശേഷം പിരിയുന്നതല്ലേ? എന്നിട്ട് നമുക്കൊരു ജോയിന്‍ പെറ്റീഷന്‍ കൊടുക്കാം. എങ്കില്‍ കാര്യങ്ങള്‍ എളുപ്പം നടക്കുമത്രെ! "

"ങേ... അതെന്തിനാ? ഞാന്‍ ഒരു തമാശയ്ക്ക് ചോദിച്ചതല്ലേ? "

"ആണോ? പക്ഷേ ഞാന്‍ കാര്യായി തന്നെ പറഞ്ഞതാ. ഇങ്ങള് കണ്ടില്ലേ, ലിസിയും പ്രിയനും, അതുപോലെ പലരും ചെയ്തത്? നല്ല പ്രായത്തില്‍ അയാളുടെ ചിലവില്‍ അടിപൊളിയായി ജീവിച്ചു, ഇനീ വയസ്സാവുമ്പോള്‍ നൂറുകൂട്ടം അസുഖങ്ങള്‍ ഒക്കെ വരാറാവുമ്പോള്‍ വിട്ടുപോയാല്‍ പിന്നെ കുത്തിയിരുന്ന് ശുശ്രുഷിക്കേണ്ടല്ലോ"

"ഓ... അങ്ങിനെ! അപ്പോള്‍ ഇതൊക്കെയാണ് പെണ്ണുങ്ങളുടെ മനസ്സില്‍ അല്ലെ?'

" ങാ.. അതും ഉണ്ടാവും. തുടക്കത്തില്‍ നിങ്ങളൊക്കെ ഞങ്ങളെ ഒരുപാട് കഷ്ടപ്പെടുത്തുന്നതല്ലേ!

നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നെ തയ്യാറാവാം. പക്ഷേ കാരണം അതല്ല.."

"പിന്നെ?"

"ഞാന്‍ കുറച്ചു ദിവസമായി ആലോചിക്കുന്നു. നിങ്ങള്‍ എപ്പോഴും പറയാറില്ലേ, ഈ കുടുംബവും കുട്ടികളും ഒക്കെയുള്ളത്‌ കൊണ്ടാണ്, ഇല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി, രാഷ്ട്രത്തിനു വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന്."

"അതെ."

" ഒരുപാട് ഐഡിയ ഒക്കെയുള്ള ആളല്ലേ? ഞാന്‍ നിങ്ങളെ ഫ്രീയാക്കി വിടാം. പൊയ്ക്കോളൂ.. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനു വേണ്ടി, നമ്മുടെ രാഷ്ട്രത്തിനു വേണ്ടി പറ്റാവുന്ന കാര്യങ്ങള്‍ ഒക്കെ ചെയ്യുക. പത്തു മണിക്കുള്ളില്‍ വീട്ടില്‍ വരണമെന്നോ, അരി വാങ്ങാന്‍ പണം വേണമെന്നോ ഒന്നും ആവശ്യപ്പെടില്ല."

ടി. വി. യില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്ന അയാള്‍ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

"ടി.വി.യില്‍ എന്നെക്കണ്ട് നീ ബോധം കെട്ടു വീഴരുത്."

" എന്തിന്, എനിക്കഭിമാനമല്ലേ? നിങ്ങള്‍ ഉയര്‍ന്നുയര്‍ന്നു പോകുന്നത് കാണാന്‍!"

" അതല്ല.. നീ അവിടെ എഴുതിയ ഫ്ലാഷ് ന്യൂസ്‌ വായിക്കൂ.. അതുപോലെ എന്‍റെ പേരും വരും, ഒരു ദിവസം "

ഞാന്‍ നുറുക്കിക്കൊണ്ടിരുന്ന പച്ചക്കറികള്‍ മാറ്റി വച്ച് ടി വി യുടെ മുന്നിലേക്ക്‌ ചെന്ന് വായിച്ചു.

" ദിലീപും കാവ്യയും മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തില്‍ വിവാഹിതരായി"

"ങേ! അപ്പോള്‍ അതാണ്‌ കാര്യം! ഞാന്‍ ഈ പറഞ്ഞതൊക്കെ പൊട്ടത്തരം!"

ചുമ്മാതല്ല, ഈ ആണുങ്ങള്‍ നന്നാവാത്തത്! ഒരിക്കല്‍ പറ്റിയാലും വീണ്ടും ചിന്ത അത് തന്നെ.

അടുക്കളയിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഞാനെന്നോടു തന്നെ പറഞ്ഞു.
" കൊന്നാലും നിങ്ങള്‍ക്ക് ഡിവോര്‍സ് തരുന്ന പ്രശ്നമില്ല. ആഹാ.. "

**************************************************************
(കഥ: അനിത പ്രേംകുമാര്‍)

11/23/16

പിണക്കം അഥവാ പരിഭവം


ആരോടാണ് നമ്മള്‍
പിണങ്ങുന്നത്?
എന്തായാലുമത്
വഴിയെ പോണവരോടല്ല.

കുഞ്ഞു കണ്ണുകള്‍
നിറഞ്ഞു തുളുമ്പിയപ്പോള്‍,
കുഞ്ഞു ചുണ്ടുകള്‍
വിതുമ്പിയപ്പോള്‍

ഓടിവന്നെടുത്തു
മാറോടു ചേര്‍ത്ത്
കരയല്ലേ വാവേ,
നിന്റമ്മ ദാ വരുന്നു

എന്നോതി നമ്മളെ
ഇക്കിളിയാക്കി
ചിരിപ്പിച്ചും
പിന്നെ ചിന്തിപ്പിച്ചും

ബാല്യത്തിനു കൂട്ടായി
കൌമാരത്തിന് തണലായി
യൌവനത്തിന് കാവലാളായി
കൂടെനിന്ന ബന്ധുവിനോട്!

അല്ലെങ്കില്‍

മനസ്സിലെ മാരിവില്ലുകള്‍
പരസ്പരം പങ്കുവച്ചു
ഹൃദയത്തിനൊരു കോണില്‍
പ്രതിഷ്ഠിച്ചു പൂജിച്ച

പ്രണയ ബിംബത്തോടോ,
പ്രിയ സൌഹൃദത്തോടോ,
ഏറെ പ്രിയപ്പെട്ട
സഹപാഠികളോടോ!

അതുമല്ലെങ്കില്‍
ഒന്നിച്ചു പകുത്തുണ്ടും
അതിലേറെ പതംപറഞ്ഞും
കാണാതിരുന്നപ്പോള്‍
ഇടനെഞ്ച് കലങ്ങിയും

ഒന്നായ് വളര്‍ന്നൊരു
കൂടപ്പിറപ്പോടോ,
ദൈവത്തിന്‍ പ്രതിരൂപമായ്
നമ്മിലലിഞ്ഞൊരു

മാതാപിതാക്കള്‍ തന്‍
നിസ്വാര്‍ത്ഥ സ്നേഹത്തോടോ,
ആരോടാണ് നമ്മള്‍
പിണങ്ങുന്നത്?

അതെ....

നമ്മള്‍ പിണങ്ങുന്നത്,
കഠിനമായി സ്നേഹിച്ചവരോട്.
കഠിനമായി വെറുക്കാന്‍,
വെറുത്തുകൊണ്ട് സ്നേഹിക്കാന്‍
പ്രാപ്തിയുള്ളവരോട്.

എന്തായാലുമത്
വഴിയെ പോണവരോടല്ല.
നമ്മളോടവര്‍ക്ക് സ്നേഹമില്ല
അവരോടു നമുക്കും!

പിണക്കത്തിന്‍ പിന്‍ബലം
സ്നേഹമത്രേ!

************************
-അനിത പ്രേംകുമാര്‍-